ഏങ്ങണ്ടിയൂര്‍(തൃശ്ശൂര്‍): പുളിക്കക്കടവിനു സമീപം ശനിയാഴ്ച പുലര്‍ച്ചേ വീട്ടില്‍ അതിക്രമിച്ചുകയറിയ മൂന്നംഗസംഘം വൃദ്ധയായ അമ്മയെയും മകളെയും ആക്രമിച്ച് ഒന്നര പവന്‍ സ്വര്‍ണം കവര്‍ന്നു. പുളിക്കക്കടവിന് തെക്ക് നെടിയേടത്ത് ഗിരിജാ രാജന്റെ മകള്‍ രമ്യയുടെ ഒന്നര പവന്റെ പാദസരമാണ് കവര്‍ന്നത്.

ഇരുവരെയും വാള്‍മുനയില്‍ നിര്‍ത്തി ഭീഷണിപ്പെടുത്തിയെങ്കിലും ചെറുക്കാന്‍ ശ്രമിച്ചതോടെ അക്രമിസംഘം പിന്തിരിഞ്ഞു. ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് ഗിരിജാ രാജന്റെ ഇരുനില വീട്ടില്‍ മൂന്നംഗസംഘം അതിക്രമിച്ചു കയറിയത്. മകന്‍ രാഗേഷ് ഇളയമ്മയുടെ വീട്ടിലായതിനാല്‍ ഗിരിജയും മകള്‍ രമ്യയും അഞ്ചു വയസ്സുകാരനായ മകനും താഴത്തെ നിലയിലെ ഹാളിലാണ് ഉറങ്ങാന്‍ കിടന്നത്. പുലര്‍ച്ചെ ഇവര്‍ കിടന്ന ഹാളിന്റെ മുന്‍വാതില്‍ വലിയ ശബ്ദത്തോടെ തുറക്കുന്നതു കേട്ടാണ് ഗിരിജയും മകള്‍ രമ്യയും എഴുന്നേറ്റത്. ഉടന്‍ തന്നെ സംഘത്തിലെ ഒരാള്‍ രമ്യയുടെ മാല പൊട്ടിച്ചെടുക്കാന്‍ ശ്രമിച്ചു. ഇത് തടയാന്‍ ശ്രമിക്കുന്നതിനിടെ മാല പൊട്ടി താഴെ വീണെങ്കിലും കവര്‍ച്ചാസംഘം കണ്ടില്ല.

ഇതിനിടെ നിലവിളിച്ച ഗിരിജയുടെ കഴുത്തില്‍ ഒരാള്‍ വാള്‍ വെച്ച് ഭീഷണിപ്പെടുത്തുകയും മറ്റൊരാള്‍ രമ്യയെ വടികൊണ്ട് അടിച്ചുവീഴ്ത്തുകയും ചെയ്തു. ഇരുവരും ബഹളം തുടര്‍ന്നതോടെ സംഘം രമ്യയുടെ ഒരു കാലിലെ ഒന്നരപ്പവന്റെ പാദസരം പൊട്ടിച്ചെടുത്ത് രക്ഷപ്പെട്ടു. ഉറങ്ങുകയായിരുന്ന അഞ്ചു വയസ്സുകാരനായ മകന്‍ സംഭവം അറിഞ്ഞില്ല.

വിവരമറിഞ്ഞയുടന്‍ വാടാനപ്പള്ളി പോലീസ് സ്ഥലത്തെത്തി. സംഘത്തിന്റെ അടിയേറ്റ രമ്യയെ ഏങ്ങണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ഫെയ്മസ് വര്‍ഗീസ്,സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി. എം.കെ. ഗോപാലകൃഷ്ണന്‍, വാടാനപ്പള്ളി എസ്.എച്ച്.ഒ. പി.ആര്‍. ബിജോയ് എന്നിവര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തി. തൃശ്ശൂരില്‍നിന്ന് വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി.

Content Highlights: theft in engandiyoor thrissur