ചെന്നൈ: ശ്രീപെരുംപുത്തൂരിൽ വ്യവസായിയുടെ ഗസ്റ്റ്ഹൗസിൽനിന്ന് ആഡംബര കാറും മൂന്ന് ടെലിവിഷനുകളും ലാപ്ടോപ്പും മോഷ്ടിച്ച നാലു പേരെ പോലീസ് അറസ്റ്റു ചെയ്തു. ചെന്നൈ അശോക്നഗറിൽ താമസിക്കുന്ന രവീന്ദ്രൻ എന്നയാളുടെ ഗസ്റ്റ്ഹൗസിലാണ് കവർച്ച നടന്നത്. സംഭവം നടന്ന് 12 മണിക്കൂറിനകം പ്രതികൾ ശ്രീപെരുംപുത്തൂർ പോലീസിന്റെ വലയിലായി.

തിരുവണ്ണാമലൈ സ്വദേശികളായ ജി. പ്രവീൺ കുമാർ(24), ജി. വിജയചന്ദ്രൻ (24), പി. ലോകേഷ് (22), ചെങ്കൽപ്പെട്ടിലെ ജി. പ്രകാശ് (23)എന്നിവരാണ് അറസ്റ്റിലായത്. തമിഴ് സിനിമ കണ്ടാണ് തങ്ങൾക്ക് മോഷണത്തിനു പ്രേരണയുണ്ടായതെന്ന് ഇവർ പോലീസിനു മൊഴി നൽകി.

കവർച്ച നടക്കുമ്പോൾ രവിചന്ദ്രനും കുടുംബവും ഗസ്റ്റ് ഹൗസിൽ ഉറങ്ങുകയായിരുന്നു. അടുത്ത ദിവസം രാവിലെ ഉണർന്നു നോക്കിയപ്പോൾ കാറും ടി.വി.കളും ലാപ്ടോപ്പും മോഷ്ടിക്കപ്പെട്ടതായി കണ്ടെത്തി. ഉടൻതന്നെ പോലീസിൽ പരാതി നൽകുകയായിരുന്നു. വീടുമായി ബന്ധമുള്ളവരായിരിക്കും കവർച്ചയ്ക്കു പിന്നിലെന്നു സംശയിച്ച പോലീസ് അവിടെ മുമ്പ് ജോലിക്കു വന്നവരെ ചോദ്യം ചെയ്തപ്പോഴാണ് പ്രതികളെ കണ്ടെത്തിയത്. ഏതാനും ദിവസംമുമ്പ് ഗസ്റ്റ്ഹൗസിലെ എയർകണ്ടീഷനറുകൾ നന്നാക്കാനായി എത്തിയവരാണ് പ്രതികൾ. ഗസ്റ്റ്ഹൗസിൽ പ്രവേശിക്കാനും കവർച്ച നടത്തി രക്ഷപ്പെടാനുമുള്ള വഴികൾ തങ്ങൾ നേരത്തേ ആസൂത്രണം ചെയ്തിരുന്നതായി ഇവർ മൊഴി നൽകിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.