തിരൂരങ്ങാടി(മലപ്പുറം): ചേളാരിക്കടുത്ത് പടിക്കലിൽ പെട്രോൾ പമ്പ് ഓഫീസ് കുത്തിത്തുറന്ന് എഴു ലക്ഷം രൂപ കവർന്നു. ദേശീയപാതയോരത്തെ എസ്സാർ പെട്രോൾ പമ്പിൽ ശനിയാഴ്ച രാത്രി പന്ത്രണ്ടരയോടെയാണ് മോഷ്ടാക്കൾ എത്തിയത്. ഹെൽമെറ്റ് ധരിച്ചെത്തിയ രണ്ടു പേർ മോഷണം നടത്തുന്നതിന്റെ ദൃശ്യങ്ങൾ സി.സി.ടി.വി. ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.

സമീപത്ത് നിർത്തിയിട്ടിരുന്ന ബസിൽനിന്ന് ഉപകരണങ്ങളെടുത്ത് ഓഫീസിന്റെ ഷട്ടറുകളുടെ പൂട്ടു തകർത്താണ് അകത്തു കയറിയിരിക്കുന്നത്. ഓഫീസിൽ സൂക്ഷിച്ചിരുന്ന ലോക്കറിന്റെ ചാവിയെടുത്ത് ലോക്കറിലെ പണമെടുക്കുന്നതും സി.സി.ടി.വി. ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ക്യാമറ കണ്ടതോടെ ഹാർഡ് ഡിസ്ക് എടുക്കുന്നതിനായി ശ്രമിച്ചെങ്കിലും അതു കണ്ടെത്താൻ മോഷ്ടാക്കൾക്കായില്ല.

ഉടമയുടെ പരാതിയിൽ തിരൂരങ്ങാടി പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. തിരൂരങ്ങാടി എസ്.ഐ നൗഷാദ് ഇബ്റാഹീം, എ.എസ്.ഐ രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പരിശോധന നടത്തി അന്വേഷണമാരംഭിച്ചു. മലപ്പുറത്തുനിന്നെത്തിയ പോലീസ് നായയും വിരലടയാള വിദഗ്ധരും പരിശോധന നടത്തി.

Content Highlights:theft in chelari padikkal petrol pump malappuram