അമ്പലപ്പുഴ: വധുവും കൂട്ടരും കല്യാണസ്ഥലത്തായ തക്കംനോക്കി വീട് കുത്തിത്തുറന്ന് അകത്തുകയറി മോഷണം. പുറക്കാട് എസ്.വി.ഡി. യു.പി.സ്‌കൂളിന് സമീപം ദേശീയപാതയോരത്തുള്ള വെളിമ്പറമ്പ് രാജീവന്റെ വീട്ടിലാണ് ഞായറാഴ്ച നട്ടുച്ചയ്ക്കു മോഷണം നടന്നത്. കല്യാണത്തിനു ബന്ധുമിത്രാദികള്‍ സംഭാവന നല്‍കിയ തുക നഷ്ടപ്പെട്ടതായി വീട്ടുകാര്‍ പറയുന്നു.

രാജീവന്റെ മകള്‍ ശ്രീക്കുട്ടിയുടെ കല്യാണം വീട്ടില്‍നിന്ന് ഏതാനും കിലോമീറ്റര്‍ മാത്രം അകലെയുള്ള പുന്തല ഭഗവതീക്ഷേത്ര ഓഡിറ്റോറിയത്തിലായിരുന്നു. പകല്‍ 11.30-നും 12-നും മധ്യേയായിരുന്നു മുഹൂര്‍ത്തം. പത്തരയോടെ വീടച്ചിട്ടു വീട്ടുകാരെല്ലാം കല്യാണസ്ഥലത്തേയ്ക്കു പോയിരുന്നു.

അകത്തുകടന്ന മോഷ്ടാവ് ശ്രീക്കുട്ടിയുടെ മുറിയിലെ അലമാര കുത്തിത്തുറന്നാണു മോഷണം നടത്തിയത്. അലമാരയിലെ സാധനങ്ങള്‍ മുറിയില്‍ വലിച്ചുവാരിയിട്ട നിലയിലായിരുന്നു.

മോഷണശേഷം അടുക്കളവാതില്‍ തുറന്നാണ് മോഷ്ടാവ് രക്ഷപ്പെട്ടത്. അമ്പലപ്പുഴ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വീട്ടുകാര്‍ പരാതി നല്‍കിയശേഷം കേസെടുത്ത് അന്വേഷണം നടത്തുമെന്ന് എസ്.ഐ. കെ.എച്ച്. ഹാഷിം പറഞ്ഞു.