ആലിപ്പറമ്പ്: പട്ടാപ്പകല്‍ വീടിന്റെ പ്രധാന വാതില്‍ പൊളിച്ചുകടന്ന് മേശയില്‍ സൂക്ഷിച്ചിരുന്ന 19 പവന്‍ സ്വര്‍ണവും പതിനെട്ടായിരം രൂപയും കവര്‍ന്നു.

ആലിപ്പറമ്പ് സരോജിനി മെമ്മോറിയല്‍ എല്‍.പി. സ്‌കൂളിന് സമീപം തച്ചന്‍കുന്നന്‍ അബ്ദുല്‍ ഗഫൂറിന്റെ വീട്ടിലാണ് മോഷണം നടന്നത്. അബ്ദുല്‍ഗഫൂര്‍ ഗള്‍ഫിലാണ്. വീട്ടിലുണ്ടായിരുന്ന അബ്ദുല്‍ഗഫൂറിന്റെ ഉമ്മ ഖദീജ (57) യും ഭാര്യ ഹര്‍ഷീന (34) യും രണ്ടു മക്കളും പെരിന്തല്‍മണ്ണയിലേക്ക് വീട് പൂട്ടിപ്പോയി തിരിച്ചുവരുന്നതിനിടെയാണ് മോഷണം.

രാവിലെ ഒന്‍പതിനുള്ള ബസ്സില്‍ പെരിന്തല്‍മണ്ണയിലേക്കുപോയ കുടുംബം 2.15-നാണ് തിരിച്ചെത്തിയത്. രണ്ട് മണിയോടെ അബ്ദുല്‍ഗഫൂറിന്റെ സഹോദരിയുടെ മകന്‍ അജ്മല്‍ വീട്ടിലേക്ക് വന്നപ്പോഴാണ് മോഷണം നടന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ ബന്ധുക്കളെ അറിയിക്കുകയായിരുന്നു.

പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി. സന്തോഷ്‌കുമാര്‍, സി.ഐ. സുനില്‍ പുളിക്കല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ്സംഘവും വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.