പാലക്കാട്: അഭിഭാഷകന്റെ വീട്ടില്‍ ജോലിക്കാരായിനിന്ന് 26 ലക്ഷം രൂപയുടെ ആഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ ദമ്പതിമാരെ ടൗണ്‍ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു. ചിറ്റൂര്‍ കോഴിപ്പതി സ്വദേശികളായ അമല്‍രാജ് (34), ഭാര്യ കലാമണി (31) എന്നിവരാണ് പിടിയിലായത്.

പള്ളിപ്പുറം ഗ്രാമത്തിലെ വസന്തിവിഹാറില്‍ അഭിഭാഷകനായ നാരായണസ്വാമിയുടെ വീട്ടില്‍ സൂക്ഷിച്ച സ്വര്‍ണത്തിലും വജ്രത്തിലുംതീര്‍ത്ത ആഭരണങ്ങളാണ് ഇരുവരും കവര്‍ന്നതെന്ന് പോലീസ് പറഞ്ഞു. ഫെബ്രുവരിമുതല്‍ അമല്‍രാജും ഭാര്യയും പള്ളിപ്പുറത്തെവീട്ടില്‍ ജോലി ചെയ്തുവരികയാണ്. പൂജാമുറിയിലും അലമാരിയിലും സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. ഇരുവരും ജോലിക്കുനിന്നകാലം മുതല്‍ വീട്ടിലെ ആഭരണങ്ങള്‍ മോഷണം പോയിട്ടുള്ളതായി പോലീസ് കണ്ടെത്തി.

ശമ്പളം കുറവാണെന്നുകാണിച്ച് ഇവര്‍ ഉടമയോട് മോശമായി സംസാരിച്ചിരുന്നതായി പറയുന്നു. ഇതേത്തുടര്‍ന്നാണ് മോഷണം നടന്നതെന്നും പോലീസ് പറഞ്ഞു. മോഷണമുതലിന്റെ ഒരുഭാഗം പ്രതികളില്‍നിന്ന് കണ്ടെത്തി. ബാക്കിയുള്ളവ വില്‍പ്പന നടത്തിയിരുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് പറഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കസ്റ്റഡിയില്‍വാങ്ങി ബാക്കിയുള്ള സ്വര്‍ണം കണ്ടെത്തും.

സൗത്ത് ഇന്‍സ്പെക്ടര്‍ ടി. ഷിജു എബ്രഹാം, എസ്.ഐ. മാരായ എം. മഹേഷ് കുമാര്‍, രമ്യ കാര്‍ത്തികേയന്‍, അഡീ. എസ്.ഐ.മാരായ മുരുകന്‍, ഉദയകുമാര്‍, നാരായണന്‍കുട്ടി, എ.എസ്.ഐ. രതീഷ്, സീനിയര്‍ സി.പി.ഒ. മാരായ നസീര്‍, സതീഷ്, കൃഷ്ണപ്രസാദ്, എം. സുനില്‍, സി.പി.ഒ.മാരായ സജീന്ദ്രന്‍, നിഷാദ്, രവി, ഷാജഹാന്‍, രമേശ്, ജഗദംബിക, ദിവ്യ, ദേവി, ഡാന്‍സാഫ് സ്‌ക്വാഡ് അംഗങ്ങളായ ആര്‍. രാജീദ്, എസ്. ഷാനോസ്, ആര്‍. വിനീഷ്, സൈബര്‍സെല്‍ ഉദ്യോഗസ്ഥന്‍ ഷെബിന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.