തിരുവനന്തപുരം: നഗരത്തിലെ ചാല മാര്‍ക്കറ്റിലെ ജ്വല്ലറിയില്‍ പട്ടാപ്പകല്‍ മോഷണം. മാസ്‌ക് ധരിച്ചെത്തിയ യുവാവാണ് ജ്വല്ലറിയില്‍നിന്ന് സ്വര്‍ണമോതിരവുമായി കടന്നുകളഞ്ഞത്. തിങ്കളാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. 

ബൈക്കിലെത്തിയ യുവാവ് സ്വര്‍ണാഭരണം വാങ്ങാനെന്ന വ്യാജേനയാണ് ജ്വല്ലറിക്കുള്ളിലേക്ക് കടന്നത്. തുടര്‍ന്ന് ഉടമയെ കബളിപ്പിച്ച് മോതിരം കൈക്കലാക്കി രക്ഷപ്പെടുകയായിരുന്നു. കടയുടമ ഇയാളെ തടയാന്‍ ശ്രമിച്ചെങ്കിലും മോഷ്ടാവ് ബൈക്കില്‍ കയറി അതിവേഗത്തില്‍ പോയി. 

സംഭവമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു. സിസിടിവി ദൃശ്യങ്ങളില്‍നിന്ന് ബൈക്കിന്റെ നമ്പര്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. മാസ്‌ക് ധരിച്ചതിനാല്‍ യുവാവിന്റെ മുഖം വ്യക്തമല്ല. അതിനാല്‍ ബൈക്കിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്. 

Content Highlights: theft in a jewellery shop in chala market thiruvananthapuram