കണ്ണൂര്‍: ഡോക്ടറുടെ വീട് കുത്തിത്തുറന്ന് ഷെല്‍ഫില്‍ സൂക്ഷിച്ച ആറുലക്ഷം രൂപ കവര്‍ന്നു. കണ്ണൂര്‍ എ.കെ.ജി. ആസ്പത്രിയിലെ എല്ലുരോഗ വിദഗ്ധന്‍ വിനോദ്കുമാറിന്റെ താണയിലെ 'ശ്രീപദ്മം' എന്ന വീട്ടിലാണ് കവര്‍ച്ച നടന്നത്.

ഡോക്ടറും ഭാര്യയും സ്ഥലത്തില്ലാത്ത ശനിയാഴ്ച രാത്രിയാണ് കവര്‍ച്ച നടന്നത്. ഓഫീസ് മുറിയുടെ വാതിലിന്റെ പൂട്ട് തകര്‍ത്താണ് മോഷ്ടാവ് അകത്തുകടന്നത്.

ഞായറാഴ്ച ഉച്ചതിരിഞ്ഞ് ഡോക്ടറും ഭാര്യയും വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് പണം കവര്‍ച്ച ചെയ്യപ്പെട്ട കാര്യം അറിഞ്ഞത്. തുടര്‍ന്ന് ടൗണ്‍ പോലീസില്‍ പരാതി നല്‍കി.

മുറിയിലെ അലമാര കുത്തിത്തുറന്ന് വസ്ത്രങ്ങളും മറ്റ് സാധനങ്ങളും വാരിവലിച്ചിട്ട നിലയിലാണ്.

ഡോഗ് സ്‌ക്വാഡും വിരലടയാള വിദ്ഗധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. വിരലടയാളവും സി.സി.ടി.വി. ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. ടൗണ്‍ പോലീസ് അന്വേഷണമാരംഭിച്ചു.