നാഗർകോവിൽ: ഓൺലൈൻ റമ്മി കളിക്കാൻ മോഷണത്തിനിറങ്ങിയ എൻജിനീയറിങ് ബിരുദധാരി അറസ്റ്റിൽ. മേക്കാമണ്ഡപം ഈത്തവിള സ്വദേശി ജസ്റ്റിൻ രാജ് (23)ആണ് കവർച്ചാ കേസുകളിൽ പ്രതിയായി അറസ്റ്റിലായത്. എൻജിനീയറിങ് പഠനം പൂർത്തിയാക്കി, വീട്ടിൽ നിൽക്കുമ്പോഴാണ് ജസ്റ്റിൻ രാജ് ഓൺലൈൻ റമ്മി കളിക്കാൻ തുടങ്ങിയത്. ആദ്യദിവസങ്ങളിൽ ചെറിയ തുകകൾ ലഭിച്ചപ്പോൾ കൂടുതൽ സമയം കളിക്കായി മാറ്റിവെച്ചു. ദിവസങ്ങൾക്കുള്ളിൽ രണ്ടുലക്ഷം രൂപയുടെ കടമായി. വീട്ടിൽനിന്ന് പണവും സാധനങ്ങളും കവർന്ന് റമ്മി കളി തുടർന്നു.

വീട്ടിൽ പ്രശ്നമായത്തോടെ ജസ്റ്റിൻരാജ് സുഹൃത്തുമൊത്ത് മാല മോഷണം തുടങ്ങി. കഴിഞ്ഞ ദിവസം എസ്.ഐ.മാരായ ജോൺബോസ്കോ, മോഹന അയ്യർ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് കരുങ്കലിൽ നടത്തിയ വാഹനപരിശോധനയിലാണ് ജസ്റ്റിൻ രാജ് പിടിയിലായത്.

കരുങ്കൽ, ഇരണിയൽ, തിരുവട്ടാർ സ്റ്റേഷൻ പരിധിയിലെ വിവിധ മാലമോഷണ കേസുകളിൽ ജസ്റ്റിൻ രാജ് പ്രതിയാണെന്ന് പോലീസ് പറയുന്നു. ഇയാളിൽനിന്ന് പത്ത് പവന്റെ മാലകളും മോഷണങ്ങൾക്ക് ഉപയോഗിച്ച ബൈക്കും പോലീസ് പിടിച്ചെടുത്തു. എ.എസ്.പി. വിശ്വേഷ് ശാസ്ത്രിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കൂടുതൽ അന്വേഷണം നടത്തുന്നുണ്ട്.

Content Highlights:theft for playing online rummy b tech holder arrested