മുക്കം: കുമാരനല്ലൂരിലും പരിസരപ്രദേശങ്ങളിലുമായി ഒട്ടേറെ വീടുകളില്‍ മോഷണം നടത്തിയ പ്രതി മുക്കം പോലീസിന്റെ പിടിയിലായി. കുമാരനെല്ലൂര്‍ വടക്കേക്കുന്നത്ത് കണാരന്‍ എന്നറിയപ്പെടുന്ന ഹരീഷ് ബാബുവാണ് (20) മുക്കം പോലീസിന്റെ പിടിയിലായത്.

ഈ കഴിഞ്ഞ 24-ന് രാത്രിയാണ് കുമാരനെല്ലൂരില്‍ തനിച്ചു താമസിക്കുന്ന സ്ത്രീയുടെ വീട്ടില്‍നിന്ന് സ്വര്‍ണാഭരണങ്ങളും പണവും മോഷണം പോയത്. തൊട്ടടുത്ത ദിവസം തന്നെ അടുത്തുള്ള മറ്റൊരു വീട്ടിലും മോഷണം നടന്നിരുന്നു. പോലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സംഭവസ്ഥലത്ത് പരിശോധന നടത്തിയിരുന്നു. രണ്ടു വീടുകളുടെയും പിറകുവശത്തെ വാതില്‍ കുത്തിത്തുറന്നാണ് പ്രതി അകത്തുകടന്നത്. കഴിഞ്ഞ ഒരാഴ്ചയായി പ്രത്യേക അന്വേഷണസംഘം നടത്തിയ പഴുതടച്ച നീക്കത്തിനൊടുവിലാണ് പ്രതി പോലീസിന്റെ വലയിലായത്. തുടര്‍ന്ന് നടത്തിയ തെളിവെടുപ്പിനിടെ കളവുചെയ്ത സ്വര്‍ണാഭരണം പ്രതിയുടെ വീട്ടില്‍നിന്ന് അന്വേഷണസംഘം കണ്ടെത്തി. പ്രതിയെ മോഷണം നടത്തിയ വീട്ടിലെത്തിച്ചും പോലീസ് തെളിവെടുപ്പ് നടത്തി.

കൂടുതല്‍ ചോദ്യം ചെയ്തതില്‍ നിന്നും കളവുചെയ്ത പണം ഉപയോഗിച്ച് പ്രതി കഞ്ചാവ് വാങ്ങിയതായും പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഈ കാര്യങ്ങളില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും ഇയാള്‍ കൂടുതല്‍ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടോ എന്ന് പരിശോധിച്ച് വരുകയാണെന്നും അന്വേഷണസംഘം അറിയിച്ചു.

മുക്കം ഇന്‍സ്‌പെക്ടര്‍ എസ്. നിസാമിന്റെ നേതൃത്വത്തില്‍ പ്രിന്‍സിപ്പല്‍ എസ്.ഐ. ഷാജിദ് കെ, എ.എസ്.ഐ. ജയമോദ്, സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥനായ അബ്ദുല്‍ ഖാദര്‍, സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ ഷെഫീഖ് നീലിയാനിക്കല്‍, സുഭാഷ്, സിന്‍ജിത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Content Highlights: theft for ganja youth arrested in mukkam