തൊട്ടിൽപ്പാലം: മൊയിലോത്തറയിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവത്തിൽ യുവാവ് പിടിയിൽ. കാവിലുമ്പാറ പൊയിലോംചാലിലെ പാറയുള്ള പറമ്പത്ത് സുമേഷ് (35) ആണ് അറസ്റ്റിലായത്. തൊട്ടിൽപ്പാലം പോലീസ് ഇൻസ്പെക്ടർ രജീഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

മൊയിലോത്തറയിലെ അധ്യാപകൻ സന്ദീപും, സഹോദരൻ പോലീസുദ്യോഗസ്ഥനായ സനൂപും താമസിക്കുന്ന തെക്കെ പറമ്പത്ത് വീട്ടിൽ മേയ് ഒമ്പതിനാണ് കവർച്ച നടന്നത്.

വീട് പൂട്ടി കുടുംബാംഗങ്ങൾ ബന്ധുവീട്ടിലും മറ്റും പോയതിനിടയിലായിരുന്നു കവർച്ച. ഒരു പവൻ സ്വർണവും 5600 രൂപയും നഷ്ടപ്പെട്ടു. പ്രതിയുമായി നടത്തിയ തെളിവെടുപ്പിൽ ഇയാൾ വിൽപ്പന നടത്തിയ സ്വർണം പോലീസ് കണ്ടെടുത്തു. മോഷണം നടന്ന വീട്ടിലും പ്രതിയെ എത്തിച്ച് തെളിവെടുത്തു. അന്തർ ജില്ലാ മോഷ്ടാവായ പ്രതിക്ക് കണ്ണൂർ, കാസർകോട് ജില്ലകളിലെ പല മോഷണക്കേസുകളിലും പങ്കുള്ളതായി പോലീസ് പറഞ്ഞു. എസ്.ഐ. സജി അഗസ്റ്റിൻ, സി.പി.ഒ. മാരായ പ്രകാശൻ, ശ്രീനാഥ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. നാദാപുരം മജിസ്ട്രേറ്റ് കോടതി പ്രതിയെ റിമാൻഡ് െചയ്തു.