പരപ്പനങ്ങാടി: ഒട്ടേറെ മോഷണക്കേസുകളില്‍ പ്രതിയായ താനൂര്‍ ഒട്ടുംപുറം കുഞ്ഞാലകത്ത് ഷാജിയെ (കാക്ക ഷാജി-46) താനൂര്‍ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ്‌ചെയ്തു. തിങ്കളാഴ്ച വൈകീട്ട് എട്ടിന് പരപ്പനങ്ങാടി ചിറമംഗലം റെയില്‍വേട്രാക്കിനു സമീപത്തുനിന്നാണ് ഷാജിയെ പിടികൂടിയത്. കഴിഞ്ഞ ആറുമാസമായി പരപ്പനങ്ങാടിയിലെയും താനൂരിലെയും ചീട്ടുകളിസ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടിച്ചത്. 

പരപ്പനങ്ങാടി, താനൂര്‍, തിരൂര്‍, തിരൂരങ്ങാടി, പൊന്നാനി, പെരിന്തല്‍മണ്ണ എന്നീ പോലീസ് സ്റ്റേഷനുകളിലായി അമ്പതില്‍പ്പരം മോഷണക്കേസുകളില്‍ പ്രതിയാണ് ഷാജി. മലപ്പുറം ജില്ലയിലെ വിവിധ കോടതികളിലായി പ്രതിക്കെതിരേ നിലവില്‍ പത്തോളം ജാമ്യമില്ലാ വാറന്റുകള്‍ നിലവിലുണ്ട്. പരപ്പനങ്ങാടി ചുടലപ്പറമ്പിനു സമീപത്തെ വീട്ടില്‍ തുറന്നിട്ട ജനല്‍വഴി ഉറങ്ങിക്കിടന്ന സ്ത്രീയുടെ പാദസരവും മാലയും മോഷ്ടിച്ച കേസിലാണ് അറസ്റ്റ്‌ചെയ്തത്. പ്രതിയുടെ കുറ്റസമ്മതപ്രകാരം രണ്ട് പുതിയ മോഷണക്കേസുകള്‍ പരപ്പനങ്ങാടി സ്റ്റേഷനില്‍ രജിസ്റ്റര്‍ചെയ്തു. രാത്രി പുഴകളില്‍ മീന്‍പിടിത്തം തൊഴിലായിട്ടുള്ള പ്രതി മീന്‍പിടിത്തത്തിനിടയിലുള്ള സമയങ്ങളില്‍ സമീപത്തുള്ള ജനലുകള്‍ തുറന്നിട്ടിരിക്കുന്ന വീടുകള്‍ കേന്ദ്രീകരിച്ചാണ് മോഷണം നടത്തിയിരുന്നത്. ഉറങ്ങിക്കിടക്കുന്നയാളുകള്‍ അറിയാതെ മോഷണം നടത്തുന്നതില്‍ വിദഗ്ധനായിരുന്നു ഇയാള്‍.

പോലീസ് ഉദ്യോഗസ്ഥരായ സലേഷ്, സബറുദ്ദീന്‍, പ്രകാശ്, അരിസ്റ്റോട്ടില്‍, രാധാകൃഷ്ണന്‍, സഹദേവന്‍, ആല്‍ബിന്‍, ജിതിന്‍ എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ്‌ചെയ്തത്. പ്രതിയെ പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ചെയ്തു.

Content Highlights: theft case accused kakka shaji arrested