ബെംഗളൂരു: മോഷണക്കേസില്‍ പിടികൂടാനെത്തിയ പോലീസിന് മുന്നില്‍ സയനൈഡ് കഴിച്ച് മോഷ്ടാവ് ആത്മഹത്യചെയ്തു. ആന്ധ്ര ചിറ്റൂര്‍ സ്വദേശിയും ബെംഗളൂരു കെ.ആര്‍. പുരത്തെ താമസക്കാരനുമായ സി. ശങ്കറാണ് (47) പോലീസ് പിടികൂടുന്നതിന് മുമ്പ് കൈവശമുണ്ടായിരുന്ന സയനൈഡ് കഴിച്ചത്. പോലീസുകാര്‍ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. എട്ടോളം മാലമോഷണക്കേസില്‍ ഇയാള്‍ പ്രതിയാണ്.

ശങ്കറും ഇയാളുടെ കൂട്ടാളിയായ ചന്ദ്രശേഖറും ഹൊസക്കോട്ടെ പിള്ളഗുംപയിലെ ആഞ്ജനേയ ക്ഷേത്രത്തിലേക്ക് പോകുന്നുവെന്ന വിവരം ലഭിച്ചതോടെ കെ.ആര്‍. പുരം പോലീസ് ഇവരെ പിന്തുടരുകയായിരുന്നു. രണ്ടാഴ്ചമുമ്പ് കെ.ആര്‍. പുരത്തുനിന്ന് സ്ത്രീയുടെ മാല തട്ടിയെടുത്ത കേസില്‍ പ്രതികളാണ് ഇരുവരും. ഇവര്‍ സഞ്ചരിച്ച ബൈക്ക് ക്ഷേത്രത്തിന് സമീപം നിര്‍ത്തിയതോടെ പിന്തുടര്‍ന്നെത്തിയ പോലീസ് സംഘം ഇവര്‍ക്കരികിലെത്തി. ഇതോടെ കൈവശമുണ്ടായിരുന്ന സയനൈഡ് ഗുളിക ശങ്കര്‍ വിഴുങ്ങുകയായിരുന്നു.

പോലീസ് സംഘം ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഇതിനിടെ കൂട്ടാളിയായ ചന്ദ്രശേഖറിനെ പോലീസ് പിടികൂടി. നഗരത്തില്‍ വിവിധ ജോലികള്‍ ചെയ്തിരുന്ന ഇവര്‍ ആഡംബര ജീവിതത്തിനാണ് മാലമോഷണം തുടങ്ങിയതെന്ന് പോലീസ് പറഞ്ഞു.