തൃശ്ശൂര്‍: പകല്‍സമയങ്ങളില്‍ ബൈക്കില്‍ കറങ്ങി ആളില്ലാത്ത വീടുകള്‍ കണ്ടെത്തി മോഷണം പതിവാക്കിയ പ്രതി അറസ്റ്റില്‍. പീച്ചി സ്വദേശി പുളിക്കല്‍ വീട്ടില്‍ സന്തോഷിനെ(38)യാണ് ഷാഡോ പോലീസും മണ്ണുത്തി പോലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. വീട്ടില്‍ കയറി താക്കോലുകള്‍ കണ്ടെത്തി സ്വര്‍ണാഭരണങ്ങളും പണവും മോഷ്ടിച്ച് താക്കോല്‍ അതേയിടത്ത് വെയ്ക്കുന്നതാണ് ഇയാളുടെ രീതി.

ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി നിരവധി മോഷണക്കേസുകളിലെ പ്രതിയാണ് സന്തോഷ്. ഇക്കഴിഞ്ഞ എട്ടിന് മാടക്കത്തറ വെള്ളാനിക്കരയില്‍ വട്ടേക്കാട്ട് വീട്ടില്‍ മനോജും കുടുംബവും വീട് പൂട്ടി ബന്ധുവീട്ടിലേക്ക് പോയ സമയത്ത് അലമാരയില്‍ സൂക്ഷിച്ചിരുന്ന ആറ് പവന്‍ സ്വര്‍ണാഭരണങ്ങളും 90,000 രൂപയും മോഷണം പോയ കേസില്‍ ഷാഡോ പോലീസ് നടത്തിയ അന്വേഷണത്തിലാണ് സന്തോഷ് പിടിയിലായത്.

ഓഗസ്റ്റ് 18-ന് ചിറയ്ക്കാക്കോട് ആനന്ദ് നഗറില്‍ മടിച്ചിംപാറ രവിയുടെ വീട്ടില്‍നിന്ന് 2,20,000 രൂപ കവര്‍ന്നതും ഇയാളായിരുന്നുവെന്ന് സമ്മതിച്ചു. മണ്ണുത്തി എസ്.എച്ച്.ഒ. എം. ശശിധരന്‍പിള്ളയുടെ നേതൃത്വത്തില്‍ മണ്ണുത്തിയില്‍ എസ്‌.െഎ.മാരായ കെ. പ്രദീപ്കുമാര്‍, കെ.കെ. സുരേഷ്, ഷാഡോ പോലീസ് എസ്‌.െഎ.മാരായ ടി.ആര്‍. ഗ്ലാഡ്സ്റ്റണ്‍, രാജന്‍, എന്‍.ജി. സുവ്രതകുമാര്‍, പി.എം. റാഫി, എ.എസ്.ഐ.മാരായ പി. രാഗേഷ്, കെ. ഗോപാലകൃഷ്ണന്‍, സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ ടി.വി. ജീവന്‍, പി.കെ. പഴനിസ്വാമി, സി.പി.ഒ.മാരായ കെ.ബി. വിപിന്‍ദാസ് എന്നിവരടങ്ങുന്ന അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്.

Content Highlights: theft case accused arrested in thrissur