കൊച്ചി: ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട 17-കാരിയെ പീഡിപ്പിച്ച മോഷണക്കേസ് പ്രതി പിടിയില്‍. ചേരാനെല്ലൂര്‍ ജയകേരള സ്വദേശി അലന്‍ ജെയിംസിനെ (19) യാണ് എറണാകുളം നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തത്.

രണ്ട് വര്‍ഷം മുമ്പ് ഇന്‍സ്റ്റഗ്രാം വഴിയാണ് ഇയാള്‍ പെണ്‍കുട്ടിയുമായി സൗഹൃദത്തിലായത്. തുടര്‍ന്ന് ഇടയ്ക്കിടെ പെണ്‍കുട്ടിയെ കാണാന്‍ രാത്രി വീട്ടില്‍ വരാന്‍ തുടങ്ങി. ഇതിനിടയിലാണ് പീഡിപ്പിച്ചത്. സംശയം തോന്നിയ മാതാപിതാക്കള്‍ ചോദ്യം ചെയ്തപ്പോഴാണ് പെണ്‍കുട്ടി വിവരം തുറന്നുപറഞ്ഞത്.

ഫോണ്‍ വിളി നിലച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കളെ ഫോണില്‍ വിളിച്ച് പ്രതി ഭീഷണിപ്പെടുത്തി. മകളുടെ നഗ്‌നചിത്രങ്ങള്‍  കൈയിലുണ്ടെന്നും അതെല്ലാം സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്നുമായിരുന്നു ഭീഷണി. തുടര്‍ന്ന് പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

എറണാകുളം പോക്സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. അലനെതിരേ എറണാകുളം സെന്‍ട്രല്‍, ചേരാനല്ലൂര്‍ സ്റ്റേഷനുകളില്‍ മോഷണക്കേസുകളുണ്ട്.