റാന്നി: വീട്ടില്‍ ആളില്ലാത്ത സമയത്ത് 30 പവന്റെ സ്വര്‍ണാഭരണങ്ങളും 25,000 രൂപയും മോഷ്ടിച്ച സംഭവത്തില്‍ അടുത്ത ബന്ധുവും അയല്‍വാസിയുമായ യുവാവിനെ പെരുനാട് പോലീസ് അറസ്റ്റ് ചെയ്തു. പെരുനാട് മാമ്പാറ ചന്ദ്രമംഗലത്ത് ബിജു ആര്‍.പിള്ള (45) ആണ് അറസ്റ്റിലായത്. മാമ്പാറ ഗോകുല്‍ വീട്ടില്‍ പരമേശ്വരന്‍ പിള്ളയുടെ വീട്ടില്‍നിന്നുമാണ് പണവും സ്വര്‍ണാഭരണങ്ങളും കവര്‍ന്നത്.

പരമേശ്വരന്‍ പിള്ളയുടെ സഹോദരപുത്രനാണ് ബിജു. റാന്നി ഡിവൈ.എസ്.പി. മാത്യു ജോര്‍ജിന്റെ നേതൃത്വത്തില്‍ നടത്തിയ വിദഗ്ധമായ അന്വേഷണത്തിലൂടെയാണ് മോഷ്ടാവിനെ 10 ദിവസങ്ങള്‍ക്കുള്ളില്‍ പിടികൂടിയത്. മോഷണവിവരം വീട്ടുടമയെയും പോലീസിനെയും അറിയിച്ചതും അറസ്റ്റിലായ ബിജുവായിരുന്നു. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പെരുനാട് പഞ്ചായത്തിലെ കക്കാട് വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്നു.

11-ന് രാത്രി 10.30-ഓടെയാണ് മോഷണം നടന്നത്. പരമേശ്വരന്‍ പിള്ള ആശുപത്രിയിലായിരുന്നതിനാല്‍ മൂന്നുദിവസം വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. മോഷണം നടന്ന് അധികം വൈകാതെ ബിജുവാണ് എല്ലാവരെയും വിവരം അറിയിക്കുന്നത്.

വീട്ടില്‍ ആരോ കയറിയെന്നും ശബ്ദങ്ങള്‍ കേട്ടെന്നും പറഞ്ഞാണ് എല്ലാവരേയും വിളിച്ചുകൂട്ടിയത്. പിന്നിലെ ജനാല ഇളക്കിമാറ്റി വീട്ടിലെ നിരീക്ഷണ ക്യാമറയില്‍പെടാതെയായിരുന്നു മോഷണം. അതുകൊണ്ടുതന്നെ അടുത്തറിയാവുന്ന ആരെങ്കിലുമായിരിക്കും മോഷണം നടത്തിയതെന്ന് പോലീസ് സംശയിച്ചു.

നിരീക്ഷണക്യാമറകളില്‍നിന്ന് ലഭിച്ച അതി സൂക്ഷ്മമായ ചില ശാസ്ത്രീയയമായ സൂചനകള്‍ പിന്തുടര്‍ന്ന് ബിജുവിനെ പലതവണ ചോദ്യംചെയ്തു. മൊഴികളിലെ വൈരുദ്ധ്യം കൂടിയായപ്പോള്‍ മോഷ്ടിച്ചത് ഇയാള്‍ തന്നെയെന്ന് പോലീസിന് വ്യക്തമായി. 30 പവനില്‍ 18 പവന്‍ കോന്നിയിലെ ഒരു ജൂവലറിയില്‍ വിറ്റതായി ഇയാള്‍ അറിയിച്ചതായി ഡിവൈ.എസ്.പി. പറഞ്ഞു.

വിറ്റുകിട്ടിയ പണവും ശേഷിക്കുന്ന സ്വര്‍ണവും ഇയാളുടെ വീട്ടില്‍നിന്ന് കണ്ടെടുത്തു. ഡിവൈ.എസ്.പി.യുടെ നിര്‍ദേശപ്രകാരം ബിജു മാത്യു, എല്‍.ടി.ലിജു എന്നിവര്‍ ബിജുവിനെ നിരീക്ഷിച്ചുവരുകയായിരുന്നു.

പെരുനാട് ഇന്‍സ്പെക്ടര്‍ യു.രാജീവ് കുമാര്‍, എസ്.ഐ. ശ്രീജിത്ത്,രവീന്ദ്രന്‍ നായര്‍,വിജയന്‍ തമ്പി,എ.എസ്.ഐ. റെജി തോമസ്, ബിജു മാത്യു, എല്‍.റ്റി.ലിജു, ജിജു ജോണ്‍, ജോമോന്‍, പ്രദീപ് കുമാര്‍, പ്രദീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.