റാന്നി: മദ്യം വാങ്ങാന്‍ ബിവറേജസില്‍ 10 രൂപ നോട്ടുകള്‍മാത്രം നല്‍കി. പിന്നാലെ കൂടിയ പോലീസ് വഞ്ചികമോഷ്ടാക്കളെ പിടികൂടി. മോഷണം നടന്ന് 24 മണിക്കൂറിനുള്ളിലാണ് രണ്ട് മോഷ്ടാക്കളും പോലീസിന്റെ പിടിയിലായത്. 

റാന്നി മന്ദിരംപടിയില്‍ വാടകയ്ക്ക് താമസിക്കുന്ന തേക്കിന്‍തോട് കിളുന്നുപറമ്പില്‍ സതീഷ്(44), ചെറുകുളഞ്ഞിയില്‍ താമസിച്ചുവരുന്ന കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി തോമസ്(കണ്ണൂര്‍ ഷാജി-42) എന്നിവരാണ് അറസ്റ്റിലായത്. ബുധനാഴ്ച രാത്രി ചെറുകുളഞ്ഞി പരുത്തിക്കാവ് ദേവീക്ഷേത്ര കാണിക്കവഞ്ചി, സെന്റ് മേരീസ് ക്‌നാനായ കുരിശുപള്ളി കുരിശടി, ഇട്ടിയപ്പാറ സ്വകാര്യബസ് സ്റ്റാന്‍ഡിലെ ഫ്രഷ് കോള്‍ഡ് സ്റ്റോര്‍ എന്നിവിടങ്ങളിലാണ് ഇവര്‍ മോഷണം നടത്തിയത്. സതീഷ് ഒരു കൊലപാതകക്കേസിലും പത്തനംതിട്ടയില്‍ മോഷണക്കേസുകളിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു. 

ബുധനാഴ്ച രാത്രിയിലാണ് മോഷണങ്ങള്‍ നടന്നത്. സ്ഥലത്ത് അന്വേഷണത്തിനെത്തിയ പോലീസിനോട്, രണ്ടുപേരെ രാത്രിയില്‍ സംശയകരമായ നിലയില്‍ കണ്ടിരുന്നതായി നാട്ടുകാരന്‍ അറിയിച്ചിരുന്നു.

വ്യാഴാഴ്ച രാവിലെ ഒരാള്‍ റാന്നി ഇട്ടിയപ്പാറയിലെ ബിവറേജസ് ഔട്ട്ലെറ്റിലെത്തി 10 രൂപ നോട്ടുകള്‍മാത്രം നല്‍കി മദ്യം വാങ്ങി. ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ വിവരം സ്റ്റേഷനിലറിയിച്ചു. ബിവറേജസ് ഔട്ട്ലെറ്റിലെ നിരീക്ഷണക്യാമറയില്‍നിന്ന് പോലീസ് ഇവരുടെ ചിത്രങ്ങള്‍ ശേഖരിച്ചു.

രാത്രിയില്‍ ഇവരെ കണ്ടെന്നുപറഞ്ഞയാളെ കാണിച്ച് മോഷ്ടാക്കള്‍ ഇവര്‍തന്നെയാണെന്ന് തിരിച്ചറിഞ്ഞു. പിന്നീട് ഇവരെ പിടികൂടുകയായിരുന്നു. മോഷണത്തിനുപയോഗിച്ച കമ്പിപ്പാരയും പോലീസ് കണ്ടെടുത്തു. സതീഷ് 2007-ല്‍ തണ്ണിത്തോട്ടില്‍ നടന്ന കൊലപാതകക്കേസിലെ പ്രതിയായിരുന്നെന്ന് പോലീസ് പറഞ്ഞു.

റാന്നി ഇന്‍സ്‌പെക്ടര്‍ സുരേഷിന്റെ നേതൃത്വത്തില്‍ എസ്.ഐ.മാരായ ടി.അനീഷ്, ഗീവര്‍ഗീസ്, എസ്.സി.പി.ഒ. സുധീഷ്, സി.പി.ഒ.മാരായ സോനു, ജോണ്ടി, രതീഷ് എന്നിവരാണ് അന്വേഷണം നടത്തി മോഷ്ടാക്കളെ പിടികൂടിയത്.