ഓര്‍ക്കാട്ടേരി: ആധുനിക മോഷണ ഉപകരണങ്ങളുമായി കഴിഞ്ഞ ദിവസം എടച്ചേരി പോലീസിന്റെ പിടിയിലായ മോഷണക്കേസ് പ്രതി റിമാന്‍ഡില്‍. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധയിടങ്ങളില്‍ മലഞ്ചരക്ക് കടകളില്‍ മോഷണം നടത്തിയ കോഴിക്കോട് കുന്ദമംഗലത്തെ അരപ്പൊയില്‍ മുജീബാണ് (33) പിടിയിലായത്.

ജനുവരിയില്‍ ഓര്‍ക്കാട്ടേരിയിലെ മലഞ്ചരക്ക് കടയില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് മുജീബ് പിടിയിലായത്.

ഇയാളുടെ പക്കല്‍നിന്ന് മോഷണത്തിനുപയോഗിക്കുന്നഒരു ലക്ഷത്തില്‍പരം രൂപയുടെ ഉപകരണങ്ങളും പിടികൂടിയിട്ടുണ്ട്. ആധുനിക രീതിയിലുള്ള മോഷണ ഉപകരണങ്ങള്‍ സ്വന്തമായുള്ള മോഷ്ടാവാണ് മുജീബ്. പിടിക്കപ്പെടാതിരിക്കാനായി വ്യാജനമ്പര്‍ പ്ലേറ്റുകള്‍ മാറി മാറി ഉപയോഗിച്ചായിരുന്നു യാത്രകളും മോഷണവും.

മോഷണവിവരം ചോര്‍ന്ന് പോകാതിരിക്കാന്‍ ഒറ്റയ്ക്കാണ് മോഷണങ്ങള്‍ നടത്തിയത്. പൂട്ടുകള്‍ പൊളിക്കുന്നതിലും കടകള്‍ക്കകത്ത് കടക്കുന്നതിലും വിദഗ്ധനാണ്.

ഷോറൂമുകളില്‍നിന്ന് കാര്‍ മുതല്‍ മലഞ്ചരക്ക് വിപണിയിലെ കാര്‍ഷികോത്പന്നങ്ങള്‍വരെ ഇയാള്‍ മോഷ്ടിച്ചിട്ടുണ്ട്. കരിപ്പൂര്‍ സ്റ്റേഷന്‍ പരിധിയിലെ പോപ്പുലര്‍ സര്‍വീസ് സെന്റര്‍ ഷോറൂമില്‍നിന്ന് മോഷ്ടിച്ച കാര്‍ ഉപയോഗിച്ചാണ് മോഷണങ്ങളുടെ പരമ്പരതന്നെ നടത്തിയത്.

ഓര്‍ക്കാട്ടേരിയിലെ കടയുടെ പൂട്ട് പൊളിച്ച് നാല് ചാക്ക് അടയ്ക്കയും എഴുപതിനായിരം രൂപയും മോഷ്ടിച്ചു. ഇത് വില്‍ക്കാനായി കാറില്‍ ഉള്ളിയേരിയില്‍ എത്തിയപ്പോള്‍ വ്യാപാരിക്ക് ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നുകയായിരുന്നു. എടച്ചേരി പോലീസ് വടകരയിലെ മലഞ്ചരക്ക് കടകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം ഒടുവില്‍ ഉള്ളിയേരിയിലേക്ക് എത്തി. പ്രതിയുടെ നീക്കങ്ങള്‍ പിന്‍തുടര്‍ന്ന പോലീസ് ഉച്ചസമയങ്ങളില്‍ മുജീബ് കാപ്പാട് ബീച്ചില്‍ വിശ്രമിക്കാനെത്തുന്നതായി കണ്ടെത്തി. തുടര്‍ന്ന് പോലീസ് സംഘം കാപ്പാട് എത്തിയാണ് ഇയാളെ പിടികൂടിയത്. പ്രതി ഉപയോഗിച്ച കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഗ്യാസ് കട്ടര്‍, ഓക്‌സിജന്‍ മിക്‌സ് ചെയ്യുന്ന ട്യൂബ്, പൂട്ടുകള്‍ പൊളിക്കുന്ന വിവിധ ഉപകരണങ്ങള്‍, പ്രത്യേകം തയ്യാറാക്കിയ ലിവറുകള്‍, കത്തികള്‍, അഞ്ചിലധികം വ്യാജ നമ്പര്‍ പ്ലേറ്റുകള്‍, സ്‌ക്രൂഡ്രൈവറുകള്‍ എന്നിങ്ങനെയുള്ള ഉപകരണങ്ങള്‍ ഇയാളുടെ പക്കല്‍നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് വലിയ കവര്‍ച്ചയ്ക്കുള്ള ഒരുക്കമാണെന്നാണ് പോലീസ് കരുതുന്നത്.

ഇയാള്‍ മറ്റിടങ്ങളിലും സമാന രീതിയിലുള്ള കവര്‍ച്ച നടത്തിയോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. പിടിയിലായ പ്രതിയെ വടകര കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

വടകര റൂറല്‍ എസ്.പി. ശ്രീനിവാസിന്റെ നിര്‍ദേശപ്രകാരം ഡിവൈ.എസ്.പി. മൂസ വള്ളിക്കാടന്‍, എടച്ചേരി സി.ഐ. വിനോദ് വിളയാറ്റൂര്‍, എസ്.ഐ. മാരായ അരുണ്‍കുമാര്‍, വിനോദന്‍, സീനിയര്‍ സി.പി.ഒ. സുരേഷ്, ബിനീഷ്, എം.എസ്.പി. സി.പി.ഒ. മാരായ ബിജു, വിഷ്ണു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.