കോതമംഗലം: നെല്ലിക്കുഴി, ചെറുവട്ടൂര്‍ പ്രദേശങ്ങളില്‍ രണ്ടാഴ്ചയിലേറെയായി പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയിരുന്ന മോഷണസംഘം പിടിയില്‍. എ.ടി.എം. കവര്‍ച്ചാ ശ്രമം ഉള്‍പ്പെടെ ആറു മോഷണവും നിരവധി മോഷണ ശ്രമങ്ങളും നടത്തിയ യു.പി. സ്വദേശികളായ നാലു പേരെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. ചേലാട് പള്ളിയില്‍ മോഷണത്തിനിടെ പെരുമ്പാവൂര്‍ സ്വദേശിയും നാട്ടുകാരുടെ പിടിയിലായി.

ഉത്തര്‍പ്രദേശ് ഷഹനാന്‍പുര്‍ സ്വദേശികളായ മുഹ്‌സിന്‍ (29), ഷഹജാദ് (20), നദീം (26), ഷംസാദ് (21) എന്നിവരാണ് അറസ്റ്റിലായത്. നിരവധി ആരാധനാലയങ്ങളിലെ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടത്തിയിരുന്ന രായമംഗലം പുല്ലുവഴി തോമ്പ്രയില്‍ വീട്ടില്‍ അനില്‍ മത്തായിയെ (40) നാട്ടുകാരുടെ സഹായത്തോടെയാണ് അറസ്റ്റ് ചെയ്തത്. നെല്ലിക്കുഴി, ചെറുവട്ടൂര്‍ ഭാഗത്തായി നാലു വ്യാപാര സ്ഥാപനങ്ങളില്‍ ഇവര്‍ മോഷണം നടത്തിയിരുന്നു. നെല്ലിക്കുഴിയില്‍ എസ്.ബി.ഐ. എ.ടി.എമ്മില്‍ കവര്‍ച്ചാ ശ്രമവും നടത്തി. മൂവാറ്റുപുഴ നിരപ്പ് ഭാഗത്ത്് സൂപ്പര്‍മാര്‍ക്കറ്റില്‍ ഒരു മോഷണക്കേസുമുണ്ട്.

മൂവാറ്റുപുഴ നിരപ്പ്് ഭാഗത്ത് മോഷണം നടത്തി ഞായറാഴ്ച രാത്രി രണ്ടോടെ ബൈക്കില്‍ പോകവെ ചെറുവട്ടൂര്‍ ഭാഗത്തുെവച്ചാണ് മുഹ്‌സിനും ഷഹജാദും പിടിയിലായത്. മഫ്തിയിലായിരുന്ന പോലീസ് സംശയം തോന്നി കൈ കാണിച്ചപ്പോള്‍ നിര്‍ത്താതെ പോയ ഇവരെ ഇരമല്ലൂര്‍ ഭാഗത്തുെവച്ചാണ് പിടിച്ചത്.

മുഖ്യ പ്രതി ഷഹജാദാണ് മോഷണത്തിന്റെ ആസൂത്രകന്‍. പണം കൂടാതെ സിഗരറ്റ്, ബീഡി, കശുവണ്ടി പരിപ്പ്, ബദാം പരിപ്പ്് എന്നിവയാണ് പ്രധാനമായും മോഷ്ടിക്കുന്നത്.

അഞ്ചും പത്തും വര്‍ഷമായി നെല്ലിക്കുഴിയിലെ ഫര്‍ണിച്ചര്‍ സ്ഥാപനങ്ങളില്‍ പോളിഷ് ജോലിക്കാരാണ് പിടിയിലായവര്‍. നാല് മോഷ്ടാക്കളും നെല്ലിക്കുഴിയിലെ വാടക മുറിയിലാണ് താമസിക്കുന്നത്. രണ്ടുപേര്‍ വീതം ഒന്നിടവിട്ട ദിവസങ്ങളിലാണ് മോഷണം നടത്തുന്നത്. കടകളില്‍ വിരലടയാളത്തിനു പോലും ഇട നല്‍കാതെയാണ് മോഷണം. പല കടകളുടെയും സി.സി.ടി.വി. ദൃശ്യത്തില്‍ ഇവരുടെ ചിത്രം പതിഞ്ഞെങ്കിലും തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല. ഇവര്‍ സഞ്ചരിക്കുന്ന നീല നിറത്തിലുള്ള ബൈക്ക് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച്് വിവരം ലഭിച്ചത്.

ചേലാട് സെയ്ന്റ് സ്റ്റീഫന്‍സ് ബെസ് അനിയ വലിയ പള്ളിയുടെ തെക്കേക്കുരിശ് ഭണ്ഡാരത്തില്‍ മാസങ്ങളായി പണം മോഷണം പോകുന്നതായി ശ്രദ്ധയില്‍പ്പെട്ടിരുന്നു. പള്ളിക്കമ്മിറ്റിയും യൂത്ത് അസോസിയേഷന്‍ പ്രവര്‍ത്തകരും ദിവസങ്ങളോളം കാത്തിരുന്നാണ് ഞായറാഴ്ച രാത്രി ഒന്നോടെ അനില്‍ മത്തായിയെ പിടിച്ച് പോലീസില്‍ എല്‍പ്പിച്ചത്. മാസ വാടകയ്‌ക്കെടുത്ത സ്‌കൂട്ടറില്‍ എത്തിയായിരുന്നു മോഷണം.

ഭണ്ഡാരത്തിലെ പണം എണ്ണുന്നതിനിടെ ബബിള്‍ഗം പറ്റിയതു കണ്ട് സംശയം തോന്നി സി.സി.ടി.വി. പരിശോധിച്ചപ്പോഴാണ് പ്രതിയെക്കുറിച്ച് സൂചന കിട്ടിയത്. ബബിള്‍ഗം ഈര്‍ക്കിലിയില്‍ െവച്ച് വലിയ നോട്ടുകള്‍ മാത്രം എടുക്കുന്നതായിരുന്നു രീതി. പ്രതികളെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കും.

ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘത്തില്‍ ഡിവൈ.എസ്.പി. മുഹമ്മദ് റിയാസ്, പോലീസ് ഇന്‍സ്‌പെക്ടര്‍ വി.എസ്. വിപിന്‍, സബ് ഇന്‍സ്‌പെക്ടര്‍മാരായ മാഹിന്‍, സലിം, ഇ.പി. ജോയ്, ലിബു തോമസ്, എ.എസ്.ഐ. ബിനു വര്‍ഗീസ്, എസ്.സി.പി.ഒ.മാരായ ശ്രീജിത്ത്, ജിതേഷ്, സുനില്‍ മാത്യു, സി.പി.ഒ.മാരായ എം. അനൂപ്, എം.കെ. ഷിയാസ് എന്നിവരാണുള്ളത്.