കൊച്ചി: എസ്.ആര്‍.എം. റോഡിലെ മാസങ്ങളായി പൂട്ടിക്കിടക്കുന്ന വീട് കുത്തിത്തുറന്ന് വീട്ടില്‍ സൂക്ഷിച്ചിരുന്ന 100 വര്‍ഷത്തോളം പഴക്കമുള്ള ചെമ്പുപാത്രങ്ങള്‍ മോഷ്ടിച്ച കേസിലെ പ്രതി പോലീസ് പിടിയില്‍. കലൂര്‍ മണപ്പാട്ടിപ്പറമ്പ് സ്വദേശി അന്‍സാറിനെ (32) യാണ് എറണാകുളം നോര്‍ത്ത് സബ് ഇന്‍സ്‌പെക്ടര്‍ വി.ബി. അനസിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം ഡിസംബര്‍ 10-ന് കലൂര്‍ മണപ്പാട്ടിപ്പറമ്പ് ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന ബസിന്റെ ബാറ്ററിയും സ്‌പെയര്‍പാര്‍ട്സും പ്രതി മോഷ്ടിച്ചിരുന്നു. സി.സി.ടി.വി. ദൃശ്യങ്ങളില്‍ നിന്നാണ് പോലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് പ്രതിയെ അന്വേഷിച്ച് പോലീസ് മണപ്പാട്ടിപ്പറമ്പിലുള്ള വീട്ടില്‍ ചെന്നിരുന്നു. എന്നാല്‍ പ്രതി ഇതിനോടകം ഒളിവില്‍ പോയെന്ന വിവരമാണ് ലഭിച്ചത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പോലീസ് പിടിയിലായത്. ചോദ്യം ചെയ്യലില്‍ എസ്.ആര്‍.എം. റോഡില്‍ മാസങ്ങളായി പൂട്ടിക്കിടക്കുന്ന വീട് കുത്തിത്തുറന്ന് വീട്ടില്‍ സൂക്ഷിച്ചിരുന്ന 100 വര്‍ഷത്തോളം പഴക്കമുള്ള ചെമ്പുപാത്രങ്ങള്‍ മോഷ്ടിച്ച കാര്യം പ്രതി സമ്മതിച്ചത്.
ചേരാനല്ലൂരുള്ള കടയില്‍ ഇത് വിറ്റതായും അറിയിച്ചു. തുടര്‍ന്ന് പ്രതി മോഷ്ടിച്ചു വിറ്റ പാത്രങ്ങളും ബാറ്ററിയും പോലീസ് കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
സിവില്‍ പോലീസ് ഓഫീസര്‍മാരായ എന്‍.ആര്‍. രമേശ്, വിനീത്, അജിലേഷ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.
Content Highlights: theft case accused arrested in kochi