സുല്‍ത്താന്‍ബത്തേരി: കുട ചൂടി വീടുകളിലെത്തി മോഷണം നടത്തി നാട്ടിലെങ്ങും ഭീതിപരത്തിയ മോഷണസംഘത്തിലെ രണ്ടാമനും പോലീസ് പിടിയിലായി. മലപ്പുറം മക്കരപ്പറമ്പ് പുളിയഠത്തില്‍ അബ്ദുള്‍ ലത്തീഫ് (30) ആണ് പിടിയിലായത്. പോലീസിനെയും നാട്ടുകാരെയും വട്ടംചുറ്റിച്ച കള്ളന്‍മാരെ പത്ത് മാസത്തോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് പിടികൂടാനായത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ ആറ് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു.

തിങ്കളാഴ്ച വൈകുന്നേരം മലപ്പുറം എ.ആര്‍. ക്യാമ്പിന് സമീപത്തെ ലോഡ്ജ് മുറിയില്‍ നിന്നാണ് അബ്ദുള്‍ ലത്തീഫിനെ പിടികൂടിയത്. ഈ കേസില്‍ മലപ്പുറം മക്കരപ്പറമ്പ് കാളന്‍തോടന്‍ അബ്ദുള്‍ കരീ (38)മിനെ മാര്‍ച്ചില്‍ മണ്ണാര്‍ക്കാട് നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇയാളിപ്പോള്‍ റിമാന്‍ഡിലാണ്. പകല്‍ വാഹനത്തില്‍ പച്ചക്കറി വില്പനയും രാത്രിയില്‍ മോഷണവുമായിരുന്നു ഇവരുടെ രീതി.

ബത്തേരി പഴുപ്പത്തൂരിലെ വാടക ക്വാര്‍ട്ടേഴ്സിലാണ് ഇവര്‍ താമസിച്ചിരുന്നത്. വൈകുന്നേരങ്ങളില്‍ കാറില്‍ സഞ്ചരിച്ച്, ലൈറ്റിടാത്ത വലിയ വീടുകള്‍ കണ്ടുവെച്ച്, രാത്രി 11-12 മണിയോടെയെത്തിയാണ് മോഷണം നടത്താറ്. അബ്ദുള്‍ കരീമാണ് വീടുകളില്‍ കയറി മോഷണം നടത്തുക. ഈ സമയത്ത് അബ്ദുള്‍ ലത്തീഫ് കാറില്‍ സഞ്ചരിച്ച് പരിസരം നിരീക്ഷിക്കും. പാന്റ്സും ഷര്‍ട്ടുമൊക്കെ ധരിച്ചെത്തി, പോലീസിന് തെളിവുകൊടുക്കാതിരിക്കാന്‍ ഗ്ലൗസും മാസ്‌കും തൊപ്പിയുമിട്ടാണ് മോഷ്ടിക്കാനിറങ്ങിയിരുന്നത്.

സി.സി.ടി.വി.യുള്ള സ്ഥലങ്ങളിലെത്തുമ്പോള്‍ കുട ചൂടി മറച്ചുപിടിക്കുന്ന കള്ളന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സമാനമായ രീതിയിലുള്ള മോഷണങ്ങള്‍ തുടര്‍ച്ചയായതോടെ അന്നത്തെ മാനന്തവാടി ഡിവൈ.എസ്.പി.യുടെ നേതൃത്വത്തില്‍ വിവിധ പോലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചിരുന്നു.

മോഷ്ടിക്കാനിറങ്ങുമ്പോള്‍ പ്രതികള്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുപോകാറില്ല. നിരവധി കേസുകളില്‍ പ്രതികളായിരുന്നതിനാല്‍ പിടിക്കപ്പെടാതിരിക്കാന്‍ ഇവര്‍ സാമൂഹികമാധ്യമങ്ങളും ഉപയോഗിച്ചിരുന്നില്ലെന്നാണ് വിവരം. മോഷണം നടന്ന പ്രദേശങ്ങളിലെ നൂറോളം സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ച്, അതില്‍നിന്ന് പ്രതികളുടെ രൂപത്തെപ്പറ്റി ഏകദേശ ധാരണയിലെത്തുകയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമാനമായി നടന്ന മോഷണക്കേസുകളിലെ പ്രതികളുടെ പട്ടിക തയ്യാറാക്കുകയും ചെയ്തു.

ഇത് പരിശോധിച്ചപ്പോഴാണ് അബ്ദുള്‍ കരീമും അബ്ദുള്‍ ലത്തീഫും സ്വന്തം നാട്ടിലില്ലെന്ന് പോലീസിന് വിവരം ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പോലീസ് പ്രതികളിലേക്കെത്തിയത്.

അബ്ദുള്‍ കരീം പോലീസ് പിടിയിലായ ശേഷം അബ്ദുള്‍ ലത്തീഫ് വിവിധയിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു. നാല് മാസത്തോളം നടത്തിയ നിരീക്ഷണങ്ങള്‍ക്കും പരിശോധനകള്‍ക്കുമൊടുവിലാണ് അബ്ദുള്‍ ലത്തീഫ് പിടിയിലാവുന്നത്. പ്രതിയുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഫോണിലേക്ക് വരുന്ന വിളികള്‍ പരിശോധിച്ചപ്പോഴാണ് കോയമ്പത്തൂരില്‍ നിന്നെടുത്ത സിം കാര്‍ഡില്‍ നിന്നും തുടര്‍ച്ചയായി വിളികള്‍ വന്നത് ശ്രദ്ധയില്‍പ്പെട്ടത്.

ഇതിനിടെ ഒരു കാര്‍ സ്ഥിരമായി പ്രതിയുടെ വീടിന് സമീപത്തുള്ള പ്രദേശത്ത് കാണുന്നതായും കോയമ്പത്തൂരിലെടുത്ത സിം കാര്‍ഡ് ഇവിടുത്തെ ടവറുകള്‍ക്ക് കീഴില്‍ വന്നുപോകുന്നതായും കണ്ടെത്തി. തുടര്‍ന്ന് നടത്തിയ നീക്കത്തിലാണ് അബ്ദുള്‍ ലത്തീഫ് പിടിയിലായത്.

ബത്തേരി മേഖലയില്‍നിന്നുമാത്രം 30 ലക്ഷം രൂപയും 73 പവനും പ്രതികള്‍ ചേര്‍ന്ന് കവര്‍ന്നെടുത്തു. ബത്തേരി പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള കുപ്പാടി, പുത്തന്‍കുന്ന്, നായ്ക്കട്ടി, മൂലങ്കാവ്, കൈപ്പഞ്ചേരി പ്രദേശങ്ങളിലും നൂല്‍പ്പുഴ പോലീസ് സ്റ്റേഷന്‍ പരിധിയിലെ മാടക്കര, മലങ്കര എന്നിവിടങ്ങളിലും, പുല്പള്ളി പോലീസ് സ്റ്റേഷന്‍ പരിധിയിലെ സുരഭിക്കവല, റോയല്‍പ്പടി, മീനങ്ങാടി പോലീസ് സ്റ്റേഷന്‍ പരിധിയിലെ കോളേരി തുടങ്ങിയ സ്ഥലങ്ങളില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇവര്‍ മോഷണം നടത്തിയിരുന്നു.

മോഷ്ടിച്ച സ്വര്‍ണം തമിഴ്നാട്ടിലാണ് പ്രതികള്‍ വിറ്റതെന്നാണ് വിവരം. മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിലും നിരവധി മോഷണക്കേസുകളിലെ പ്രതികളാണ് ഇവര്‍. ബത്തേരി ഡിവൈ.എസ്.പി. വി.വി. ബെന്നിയുടെ നിര്‍ദേശ പ്രകാരം നൂല്‍പ്പുഴ പോലീസ് ഇന്‍സ്‌പെക്ടര്‍ ടി.സി. മുരുകന്‍, എസ്.ഐ. കെ. രാജു, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ എന്‍.സി. മോന്‍സി, സിവില്‍ പോലീസ് ഓഫീസര്‍മാരായ ആഷ്ലിന്‍ തോമസ്, കെ.കെ. അനില്‍, കെ. അനിത് കുമാര്‍, ഹോം ഗാര്‍ഡ് ബിനീഷ് നായര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.