കൂത്തുപറമ്പ്: മൊബൈല്‍ ടവറുകളുടെ ചെമ്പുകമ്പി മോഷ്ടിച്ച കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ കൂത്തുപറമ്പ് പോലീസ് പിടികൂടി. കൊല്ലം കുണ്ടറ സ്വദേശി ബംഗ്ലാ വില്ലയില്‍ കെ.കലാധരനാണ് അറസ്റ്റിലായത്. കൂത്തുപറമ്പ് സി.ഐ. ബിനുമോഹന്റെ നിര്‍ദേശപ്രകാരം എസ്.ഐ. കെ.ടി.സന്ദീപും സംഘവും ശനിയാഴ്ച ആലപ്പുഴ കായംകുളം മാന്നാറില്‍നിന്നാണ് പ്രതിയെ പിടികൂടിയത്. 2006-ലാണ് സംഭവം. 

കലാധരനും മറ്റ് മൂന്നുപേരും ചേര്‍ന്ന് സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിച്ച് സ്വകാര്യ ടെലികോം കമ്പനിയുടെ കൂത്തുപറമ്പ്, ആമ്പിലാട് എന്നിവിടങ്ങളിലെ ടവറുകളുടെ എര്‍ത്ത് കമ്പി മോഷ്ടിക്കുകയായിരുന്നു. കേസില്‍ കൂട്ടുപ്രതികള്‍കൊപ്പം റിമാന്‍ഡിലായ കലാധരന്‍ ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. ഇതിനിടെ ഇയാള്‍ മതം മാറി മുസ്തഫ എന്ന പേര് സ്വീകരിച്ച് മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിവിധ പള്ളികളില്‍ ഉസ്താദായി ജോലി ചെയ്തിരുന്നതായും പലയിടങ്ങളിലായി സാമൂഹികപ്രവര്‍ത്തകന്‍ എന്ന വ്യാജേന പ്രവര്‍ത്തിച്ചിരുന്നതായും പോലീസ് പറഞ്ഞു. വിവിധയിടങ്ങളിലെ സാമൂഹികപ്രശ്‌നങ്ങളില്‍ ഇടപെട്ട് അധികൃതര്‍ക്ക് പരാതി നല്‍കിയും ഒറ്റയാള്‍സമരം നടത്തിയും വാര്‍ത്തകളിലും ഇടംപിടിച്ചിരുന്നതായും പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. മാന്നാറില്‍നിന്ന് ഇയാളെ മോഷണക്കേസുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തപ്പോള്‍ അത് നാട്ടുകാരിലും ഇയാളുടെ പരിചയക്കാരിലും ആശ്ചര്യമായി.

ഇയാള്‍ക്കെതിരെ മട്ടന്നൂര്‍ പോലീസ് സ്റ്റേഷനിലും സമാനമായ മോഷണക്കേസുണ്ട്. എ.എസ്.ഐ. ഷനില്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ വിജിത്ത് അത്തിക്കല്‍, സിവില്‍ പോലീസ് ഓഫീസര്‍ ഷിജോയ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.