കിളിമാനൂർ(തിരുവനന്തപുരം): ജില്ലയിലും പുറത്തുമായി നിരവധി മോഷണക്കേസുകളിൽ പ്രതികളായവർ അറസ്റ്റിൽ. ആറ്റിങ്ങൽ അവനവഞ്ചേരി, കട്ടയിൽകോണം ആർ.എസ്.നിവാസിൽ കണ്ണപ്പൻ എന്ന രതീഷ്(35) വർക്കല, കുരയ്ക്കണ്ണി, ഗുലാബ് മൻസിലിൽ ഫാന്റം പൈലി എന്ന ഷാജി(38) വിഴിഞ്ഞം, പെരിങ്ങമ്മല, കല്ലിയൂർ അമ്മുക്കുട്ടി സദനത്തിൽ അശ്വിൻ(23) എന്നിവരാണ് അറസ്റ്റിലായത്.

വിവിധയിടങ്ങളിലായി നൂറിലധികം മോഷണക്കേസുകളിൽ പ്രതികളാണ് അറസ്റ്റിലായ രതീഷും ഷാജിയുമെന്ന് പോലീസ് അറിയിച്ചു. പള്ളിക്കൽ, കല്ലമ്പലം, അയിരൂർ, വർക്കല പോലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ പ്രദേശങ്ങളിൽ തുടർച്ചയായ ദിവസങ്ങളിൽ വീട് കുത്തിത്തുറന്ന് മോഷണങ്ങൾ നടന്നിരുന്നു. തുടർന്ന് റൂറൽ ജില്ലാ പോലീസ് മേധാവി പി.കെ.മധുവിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപവത്‌കരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്.

പാരിപ്പള്ളി സ്റ്റേഷൻ പരിധിയിലും പത്തനംതിട്ട ജില്ലയിലെ കൂടൽ, ഏനാത്ത് സ്റ്റേഷൻ പരിധികളിലും നടന്ന വാഹനമോഷണത്തിനു പിന്നിലും ഈ സംഘമാണെന്ന് പോലീസ് അറിയിച്ചു. ഇവർ മോഷ്ടിച്ച രണ്ട് പുതിയ മോഡൽ ബൈക്കുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

കവർന്നെടുത്ത ബൈക്കിൽ പകൽസമയങ്ങളിൽ കറങ്ങിനടന്ന്, ആളില്ലാത്ത വീടുകൾ സംഘം കണ്ടെത്തും. ഈ വീടുകൾ രാത്രികാലങ്ങളിൽ കുത്തിത്തുറന്ന് മോഷണം നടത്തുന്നതാണ് രീതി.

മോഷ്ടിച്ചെടുത്ത സ്വർണം തമിഴ്നാട്ടിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണയംവെച്ചിരുന്നതായി കണ്ടെത്തി. ഇത് പോലീസ് കണ്ടെടുത്തു. റിമാൻഡ് ചെയ്ത പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.

പോലീസ് അന്വേഷണം മനസ്സിലാക്കിയ പ്രതികൾ തമിഴ്നാട്ടിലേക്കു കടന്നു. സംസ്ഥാന അതിർത്തിയിലെ ചെക്പോസ്റ്റുകൾ ഒഴിവാക്കി റെയിൽവേ പാളത്തിലൂടെ നടന്നാണ് ഇവർ തമിഴ്നാട്ടിൽ എത്തിയത്. തൂത്തുക്കുടിയിലെ ഒളിത്താവളം കണ്ടെത്തി അന്വേഷണ സംഘം എത്തിയതറിഞ്ഞ് തീവണ്ടിമാർഗം വീണ്ടും കേരളത്തിലെത്തി. അടുത്ത മോഷണ പദ്ധതി തയ്യാറാക്കുന്നതിനിടയിലാണ് സംഘം പിടിയിലായതെന്നും പോലീസ് പറഞ്ഞു. വർക്കല ഡിവൈ.എസ്.പി. എൻ.ബാബുകുട്ടന്റെ നേതൃത്വത്തിൽ പള്ളിക്കൽ പോലീസ് ഇൻസ്പെക്ടർ പി.ശ്രീജിത്ത്, അയിരൂർ ഇൻസ്പെക്ടർ ഗോപകുമാർ, പള്ളിക്കൽ സബ് ഇൻസ്പെക്ടർ എസ്.ശരലാൽ, വിജയകുമാർ, ഷാഡോ എസ്.ഐ. ബിജു എ.എച്ച്., എ.എസ്.ഐ. ബി.ദിലീപ്, ആർ.ബിജുകുമാർ, സി.പി.ഒ. അനൂപ്, ഷിജു, സുനിൽരാജ് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.