പെരിന്തൽമണ്ണ: നൂറിലേറെ മോഷണക്കേസുകളിൽ പ്രതിയായി ജയിലിലായ പ്രതി ഒന്നരമാസം മുൻപ് പുറത്തിറങ്ങി നടത്തിയത് 10 മോഷണങ്ങൾ. മഞ്ചേരി കോളേജ്കുന്ന് സ്വദേശി അരീക്കാട് വീട്ടിൽ അനിൽകുമാർ (കാർലോസ്-57) ആണ് അറസ്റ്റിലായപ്പോൾ തന്റെ മോഷണപരമ്പര വെളിപ്പെടുത്തിയത്.

പെരിന്തൽമണ്ണ ബൈപ്പാസ് റോഡിൽ കൂൾബാറിലും സമീപത്തെ ക്രിസ്ത്യൻപള്ളിയിലും മോഷണം നടന്നതിനെത്തുടർന്ന് പോലീസ് കേസെടുത്തിരുന്നു. ഇതിന്റെ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. കോയമ്പത്തൂർ, പാലക്കാട് ഭാഗങ്ങളിലെ അന്വേഷണത്തിനിടെ അനിൽകുമാർ പെരിന്തൽമണ്ണയിലേക്കു വന്നതായി രഹസ്യവിവരം ലഭിക്കുകയായിരുന്നു.

ജയിലിൽനിന്നിറങ്ങി ഒന്നരമാസത്തിനിടെ പട്ടാമ്പി തളി മഹാദേവക്ഷേത്രം, തൃത്താല കൂറ്റനാട് ക്ഷേത്രം, ചെർപ്പുളശ്ശേരി ടൗണിനടുത്തെ മൂന്നു വീട്, തൃശ്ശൂർ വടക്കാഞ്ചേരിയിൽ മൂന്നു വീട്, പഴയന്നൂരിലെ ചിക്കൻസ്റ്റാൾ, രാമനാട്ടുകരയിലെ ഒരു വീട് എന്നിവിടങ്ങളിൽ മോഷണം നടത്തിയെന്ന് ചോദ്യംചെയ്യലിൽ പ്രതി പറഞ്ഞതായി പോലീസ് അറിയിച്ചു.

മലപ്പുറം, പാലക്കാട്, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിലാണ് പ്രതിയുടെ പേരിൽ മോഷണക്കേസുകളുള്ളത്. ഇയാളെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി.

പെരിന്തൽമണ്ണ ഡിവൈ.എസ്.പി കെ.എം. ദേവസ്യ, ഇൻസ്പെക്ടർ സജിൻ ശശി, എസ്.ഐമാരായ ശ്രീജിത്ത്, പ്രമോദ്, ജില്ലാ ആന്റി നർക്കോട്ടിക് സംഘത്തിലെ സി.പി. മുരളീധരൻ, എൻ.ടി. കൃഷ്ണകുമാർ, മനോജ്കുമാർ, പ്രശാന്ത്, എ.എസ്.ഐ അരവിന്ദാക്ഷൻ തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്.