ചെങ്ങന്നൂർ: സന്ധ്യകഴിഞ്ഞാൽ ഇലക്ട്രിക് ബാറ്റുമായി സാറാമ്മ കൊതുകിനെ തുരത്താറുണ്ട്. എന്നാൽ, രണ്ടുദിവസംമുൻപ് കൊതുകിനൊപ്പം ഒരു മോഷ്ടാവിനെയും എഴുപതുകാരിക്ക് കൈകാര്യം ചെയ്യേണ്ടി വന്നു. വയോധിക ഒറ്റയ്ക്കുതാമസിക്കുന്ന നെടുവരംകോട് തയ്യിൽവീട്ടിലാണ് മോഷണശ്രമമുണ്ടായത്.

21-ന് രാത്രി 7.30-തോടെ സാറമ്മ ടി.വി. കണ്ടുകൊണ്ടിരിക്കുമ്പോൾ മോഷ്ടാവായ ചെറിയനാട് തുരുത്തിമേൽ ഇടവന്തറവീട്ടിൽ സുനിൽ(ഊരാളിസുനിൽ- 40) അടുക്കളവാതിലിലൂടെ മുറിയിൽ പ്രവേശിച്ചു. അലമാരതുറന്ന് മോഷണംനടത്താൻ ശ്രമിക്കുന്നതിനിടെ, ശബ്ദംകേട്ട് സാറാമ്മയും മുറിയിലെത്തി.

തന്റെ കൈയിലിരുന്ന ഇലക്ട്രിക്ബാറ്റുകൊണ്ട് സാറാമ്മ സുനിലിനെ ശക്തമായടിച്ചു. ബാറ്റിൽനിന്നുള്ള ഷോക്കേറ്റും പരിഭ്രമത്താലും സുനിൽ താഴെവീണു. നിമിഷങ്ങൾക്കകം ചാടിയെഴുന്നേറ്റ്, സാറാമ്മയെ തള്ളിയിട്ടശേഷം ഓടിരക്ഷപ്പെട്ടു.

സ്ഥലത്തെത്തിയ ചെങ്ങന്നൂർ പോലീസ് സമീപത്തെ ആളൊഴിഞ്ഞവീട്ടിൽ ഒളിച്ചിരുന്ന സുനിലിനെ പിടികൂടി. പ്രതി മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സാറമ്മയുടെവീട്ടിൽ ജോലിക്കുനിന്നിരുന്ന സുനിൽ രണ്ടുവർഷം മുൻപ് വീട്ടിൽനിന്നു മാല മോഷ്ടിക്കുന്നതിനിടെ പിടിയിലായിരുന്നതായി പോലീസ് പറഞ്ഞു. അന്നു ക്ഷമപറഞ്ഞതിനാൽ കേസ് നൽകിയിരുന്നില്ല. പ്രതിയെ റിമാൻഡ് ചെയ്തു.