ആലുവ: ആലുവ ചീരക്കട ഭാഗത്ത് രാത്രി ആയുധവുമായി മോഷ്ടാവിന്റെ വിളയാട്ടം. ചീരക്കട റോഡ്, സൂര്യ ലെയ്ന്‍ എന്നിവിടങ്ങളിലെ പല വീടുകളിലും മോഷ്ടാവെത്തി.

സൂര്യ ലെയ്നിലുള്ള ശശിയുടെ വീട്ടില്‍നിന്ന് ഇരുചക്രവാഹനം മോഷ്ടിച്ചു. അത് ഓടിച്ചുകൊണ്ടാണ് മറ്റുള്ള വീടുകളിലും മോഷണം നടത്താന്‍ ശ്രമിച്ചത്.

ചീരക്കട റോഡിലെ അഞ്ച് വീടുകളില്‍ മോഷ്ടാവ് കയറി. ഒരു വീടിന്റെ വരാന്തയില്‍ വെച്ചിരുന്ന അലക്കിത്തേച്ച വസ്ത്രങ്ങള്‍ മോഷ്ടിച്ചു. ചീരക്കട റോഡിലുള്ള ഡോക്ടറുടെ വീട്ടില്‍ക്കയറാന്‍ ശ്രമം നടത്തി. റിമോട്ട് ഗേറ്റായതിനാല്‍ അകത്തേക്ക് കയറാന്‍ കഴിഞ്ഞില്ല. മറ്റൊരു ഡോക്ടറുടെ വീടിന്റെ വരാന്തയിലിരുന്ന കസേരയെടുത്ത് മുകളിലേക്ക് കയറാന്‍ ശ്രമം നടത്തി. നസ്രത്ത് പള്ളിയുടെ അടുത്തുള്ള മില്‍മ ബൂത്തിന്റെ ഒരു താഴ് പൊളിച്ചു. മറ്റേ താഴ് പൊളിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.

വളഞ്ഞ ഇരുമ്പുകമ്പിയും ടോര്‍ച്ചുമായാണ് മോഷ്ടാവിന്റെ കറക്കം. സി.സി. ടി.വി.യില്‍ പതിഞ്ഞ മോഷ്ടാവിന്റെ ദൃശ്യം സഹിതം റസിഡന്റ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. രാത്രികാലങ്ങളില്‍ പോലീസ് പട്രോളിങ് ശക്തമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.