പയ്യോളി: വീടിന്റെ വാതില്‍ ഇളക്കിമാറ്റി അകത്ത് കയറി വീട്ടമ്മയുടെ രണ്ടര പവന്‍ മാല കവര്‍ന്ന മോഷ്ടാവ് 15 മിനിറ്റിനകം പോലീസ് പിടിയിലായി.പോലീസിന്റെ സമയചോതിമായ ഇടപെടലിലൂടെയാണ് കവര്‍ച്ചസംഘത്തിലെ മൂന്ന് പേരില്‍ ഒരാളെ പിടികൂടാനായത്.

ബുധനാഴ്ച പുലര്‍ച്ചെ മൂന്നുമണിക്കാണ് സംഭവം. കണ്ണൂര്‍ ശിവപുരം ലീഷ്മാലയത്തില്‍ ലിജിന്‍നെയാണ് (39) രക്ഷപ്പെടാനുള്ള ശ്രമത്തിനിടയില്‍ പയ്യോളി പോലീസ് ഓടിച്ചിട്ട് പിടിച്ചത്. പെരുമാള്‍പുരം അഞ്ചുകുടി വടക്കയില്‍ നാരായണന്റെ ഭാര്യ സീതയുടെ (53) മാലയാണ് പൊട്ടിച്ചെടുത്തത്. ഞെട്ടി ഉണര്‍ന്ന വീട്ടമ്മ മോഷ്ടാവിനെ പിന്തുടര്‍ന്നപ്പോള്‍ വീടിന്റെ പിറകുവശത്ത് ബര്‍മുഡയണിഞ്ഞ് നില്‍ക്കുന്ന രണ്ടുപേരെ കൂടി കണ്ടു. ഇതിനിടയില്‍ സീതയുടെ നിലവിളി കേട്ട് മുകള്‍നിലയില്‍ ഉറങ്ങുകയായിരുന്ന മകന്‍ അഖിലും ഭാര്യയും അയല്‍വാസികളുമെത്തി.

ഉടന്‍ പോലീസിനെ വിവരമറിയിക്കുകയും ചെയ്തു.പോലീസ് നടത്തിയ തിരച്ചലിനിടയില്‍ പള്ളിക്കര റോഡില്‍നിന്ന് ദേശീയപാതയിലേക്ക് മൂന്നുപേര്‍ കയറിയ ബൈക്ക് വരുന്നത് കണ്ടു.പോലീസ്ജീപ്പ് കണ്ട ഉടനെ ബൈക്ക് വെട്ടിച്ചപ്പോള്‍ പിറകിലിരുന്ന രണ്ടുപേര്‍ തെറിച്ച് വീണു. ഇതില്‍ ഒരാളെയാണ് പോലീസ് പിടിച്ചത്.

എ.എസ്.ഐ.മാരായ വി.പി. അനില്‍കുമാര്‍, പി. ബിജു എന്നിവരാണ് പിടികൂടിയത്. നാല് വീടുകളില്‍ ഈ സംഘം മോഷണം നടത്താന്‍ ശ്രമിച്ചതായി കണ്ടെത്തി. വിരലടയാള വിദഗ്ധരും പോലീസ് നായയും പരിശോധനയ്‌ക്കെത്തി. പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്ന് സി.ഐ. എം.പി. ആസാദ് പറഞ്ഞു.

Content Highlights: theft at perumalpuram kozhikode