ആലുവ: ആലുവ കാരോത്തുകുഴി ആശുപത്രിക്കു സമീപം പൂട്ടിക്കിടന്ന വീട്ടിൽനിന്ന് അഞ്ചു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ പിടിയിൽ. പാലക്കാട് ഒലവക്കോട് മേലേമുറി റെയിൽവേ പാലത്തിനു സമീപം താമസിക്കുന്ന ആനന്ദ് (33), തമിഴ്നാട് കള്ളക്കുറിച്ചി കാലമ്പലം ന്യൂ കോളനിയിൽ സെന്തിൽ കുമാർ (36) എന്നിവരെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്.

മോഷ്ടാക്കൾ വീടിന്റെ പിൻവാതിൽ പൊളിച്ച് അകത്തുകയറി വജ്രം പതിച്ച വാച്ച്, എൽ.ഇ.ഡി. ടി.വി., വീഡിയോ ക്യാമറ, സ്റ്റിൽ ക്യാമറ, ഹെഡ് ഫോൺ, ബൈനോക്കുലർ, പൗരാണിക ഫ്ളവർവേസ്, വിലപിടിപ്പുള്ള സ്വർണം പൂശിയ പേന, മറ്റ് ഗൃഹോപകരണങ്ങൾ എന്നിവ മോഷ്ടിച്ചു.

കഴിഞ്ഞ ദിവസം ഉടമസ്ഥർ വന്നു നോക്കിയപ്പോഴാണ് മോഷണം നടന്നത് അറിഞ്ഞത്. മോഷ്ടിച്ച വസ്തുക്കൾ വില്പന നടത്തിയ കടയിൽനിന്ന് തൊണ്ടിമുതൽ കണ്ടെത്തിയിട്ടുണ്ട്. റൂറൽ എസ്.പി. കെ. കാർത്തികിന്റെ നിർദേശ പ്രകാരം ഡിവൈ.എസ്.പി. ജി. വേണുവിന്റെ മേൽനോട്ടത്തിലുള്ള സംഘമാണ് ആലുവയിൽനിന്ന് പ്രതികളെ പിടികൂടിയത്. സി.ഐ. പി.എസ്. രാജേഷ്, എസ്.ഐ.മാരായ വിനോദ്, ജോയ് മത്തായി, പി. സുരേഷ്, എ.എസ്.ഐ.മാരായ ഷാജി, ജൂഡ്, എസ്.സി.പി.ഒ.മാരായ നവാബ്, അഭിലാഷ്, കൃഷ്ണൻ, സി.പി.ഒ.മാരായ ജോർജ്, ഷെബിൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Content Highlights:theft at home in aluva