തിരുവനന്തപുരം: ഭീമ ജൂവലറി ഉടമയുടെ വീട്ടില്‍ മോഷണം നടത്തിയ മോഷ്ടാവിന്റെ ചിത്രം പുറത്തുവിട്ട് പോലീസ്. വീട്ടിലെ സിസിടിവി ക്യാമറകളില്‍നിന്ന് ലഭിച്ച ദൃശ്യങ്ങളാണ് പോലീസ് പുറത്തുവിട്ടിരിക്കുന്നത്. ഇയാളെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ പോലീസിനെ അറിയിക്കണമെന്നാണ് അഭ്യര്‍ഥന. 

പ്രതിയുടെ കൈയില്‍ ടാറ്റൂ പതിച്ചിരിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇയാള്‍ ഉത്തരേന്ത്യന്‍ സ്വദേശിയാണെന്നാണ് നിഗമനം. ഗ്രില്‍സിന്റെ അഴിക്കള്‍ക്കിടയിലൂടെയാണ് വീടിനകത്ത് കടന്നതെന്നതിനാല്‍ പ്രതി ഒരു അഭ്യാസിയാണെന്നും അസാമാന്യമായ മെയ്വഴക്കമുള്ളയാളാണെന്നും പോലീസ് കരുതുന്നു. 

അതിനിടെ, വീട്ടില്‍ നേരത്തെ ജോലിക്ക് വന്നവരെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. വീടിനെക്കുറിച്ച് കൃത്യമായ ധാരണയുള്ളവര്‍ക്കേ മോഷണം നടത്താനാകൂ എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നേരത്തെ ജോലിചെയ്തിരുന്നവരിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്. 

ഏപ്രില്‍ 14-നാണ് ഭീമ ജൂവലറി ഉടമ ഡോ. ഗോവിന്ദന്റെ കവടിയാറിലെ വീട്ടില്‍ മോഷണം നടന്നത്. രണ്ടര ലക്ഷം രൂപയുടെ വജ്രാഭരണങ്ങളും 60,000 രൂപയുമാണ് മോഷണം പോയത്. 

Content Highlights: theft at bhima jewellery owners home in trivandrum police releases cctv visuals