മലപ്പുറം: വള്ളുവമ്പ്രത്തെ പെട്രോൾ പമ്പിൽ മോഷണം. കോഴിക്കോട്-പാലക്കാട് ദേശീയപാതയിലെ ആദിത്യ പെട്രോളിയം പമ്പിൽനിന്നാണ് 5,05,000 രൂപ കവർന്നത്. വ്യാഴാഴ്ച പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം.

കോട്ടും മാസ്കും ധരിച്ചെത്തിയ ആളാണ് മോഷണം നടത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളിൽനിന്ന് വ്യക്തമായിട്ടുണ്ട്. എന്നാൽ ഈ ദൃശ്യങ്ങളിലൊന്നും മോഷ്ടാവിന്റെ മുഖം വ്യക്തമല്ല. ഓഫീസിന്റെ ചില്ല് തകർത്ത് അകത്തുകടന്ന മോഷ്ടാവ് മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന പണമാണ് മോഷ്ടിച്ചത്.

ബുധനാഴ്ച രാത്രി 11 മണി വരെ പെട്രോൾ പമ്പ് പ്രവർത്തിച്ചിരുന്നു. ഇതിനുശേഷം മാനേജർ പണം മേശയിൽ സൂക്ഷിച്ച് ഓഫീസ് പൂട്ടി വീട്ടിൽപോയി. പമ്പിലെ മൂന്ന് ജീവനക്കാർ ഈ ഓഫീസ് കെട്ടിടത്തിന് മുകളിലെ മുറികളിലാണ് താമസിച്ചിരുന്നത്. ഇവരാരും മോഷണം നടന്നതറിഞ്ഞിരുന്നില്ല.

വിവരമറിഞ്ഞ് ഫൊറൻസിക് സംഘവും ഡോഗ് സ്ക്വാഡും പെട്രോൾ പമ്പിലെത്തി പരിശോധന നടത്തി. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.

Content Highlights:theft at a petrol pump in valluvambrum malappuram