ആലുവ: സുരക്ഷാ ജീവനക്കാരനെ വടിവാള്‍ കാട്ടി ഭീഷണിപ്പെടുത്തി പൂട്ടിയിട്ട് രണ്ട് ബൈക്കുകള്‍ കവര്‍ന്നു. ആലുവ മുട്ടം ദേശീയപാതയില്‍ കെ.ടി.എം. ബൈക്ക് ഷോറൂമിലായിരുന്നു കവര്‍ച്ച. ഇവിടെ സര്‍വീസിനായി കൊണ്ടുവന്ന ബൈക്കുകളുമായാണ് യുവാക്കളായ മോഷ്ടാക്കള്‍ കടന്നത്. ആലുവ പോലീസ് അന്വേഷണം ആരംഭിച്ചു.

ബുധനാഴ്ച പുലര്‍ച്ചെ മൂന്നോടെയായിരുന്നു മോഷണം. പ്രധാന ഷോറൂമിനു പിന്നിലുള്ള സര്‍വീസ് സെന്ററിലാണ് മോഷണം നടന്നത്. പുതിയ ബൈക്കുകള്‍ സൂക്ഷിച്ചിരിക്കുന്ന പ്രധാന ഷോറൂം തുറക്കുന്നതിനായി പൂട്ടുകള്‍ തല്ലിപ്പൊളിച്ചിരുന്നു. എന്നാല്‍, ഷട്ടര്‍ ഉയര്‍ത്താന്‍ പ്രത്യേക ലിവര്‍ ആവശ്യമുള്ളതിനാല്‍ ഈ ശ്രമം പരാജയപ്പെട്ടു. പിന്നാലെയാണ് സര്‍വീസ് സെന്ററിലെത്തിയത്.

ഇതിനിടെ മോഷണം ശ്രദ്ധയില്‍പ്പെട്ട പശ്ചിമ ബംഗാള്‍ സ്വദേശിയായ സുരക്ഷാ ജീവനക്കാരനെ വടിവാളും ഇരുമ്പ് ദണ്ഡും കാണിച്ച് ഭീഷണിപ്പെടുത്തി. തൊട്ടടുത്ത മുറിയില്‍ പൂട്ടിയിട്ടു. സര്‍വീസ് സെന്ററിന്റെ മേശ വലിപ്പ് കുത്തിത്തുറന്നു. വലിയ ലോക്കര്‍ തുറക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. സര്‍വീസിനായി എത്തിച്ചിരുന്ന ഒരു പഴയ ബൈക്കെടുത്ത് ഇരുവര്‍ സംഘം സുരക്ഷാ ജീവനക്കാരന്റെ അടുത്തെത്തി. പണം നല്‍കാന്‍ ആവശ്യപ്പെട്ടു. കൈയിലുണ്ടായിരുന്ന 6500 രൂപ നല്‍കി. കൂടുതല്‍ പണം ആവശ്യപ്പെട്ടപ്പോള്‍ ബാങ്കിലാണെന്നു പറഞ്ഞു. സുരക്ഷാ ജീവനക്കാരനെയും കൂട്ടി ബാങ്ക് എ.ടി.എമ്മിലെത്തി 1400 രൂപ പിന്‍വലിപ്പിച്ചു. തിരികെ ബൈക്ക് ഷോറൂമിലെത്തി പഴയ ബൈക്ക് അവിടെ ഉപേക്ഷിച്ച ശേഷം സര്‍വീസിന് കൊണ്ടു വന്ന പുതിയ രജിസ്ട്രേഷന്‍ നമ്പറിലുള്ള രണ്ട് ബൈക്കുകള്‍ പുറത്തിറക്കി. സുരക്ഷാ ജീവനക്കാരനെയും കയറ്റി കളമശ്ശേരി ഭാഗത്തെ ലോഡ്ജിനു സമീപമെത്തി. പിന്നീട് ഇയാളെ ഇറക്കി വിട്ടു. തിരികെ ഓടി ഷോറൂമിലെത്തിയ ശേഷം സുരക്ഷാ ജീവനക്കാരനെ നിയമിച്ച ഏജന്‍സിയെ വിളിച്ചുപറഞ്ഞു. അവരാണ് പോലീസിനെയും ഷോറൂം അധികൃതരെയും വിളിച്ച് അറിയിച്ചത്. രണ്ട് മണിക്കൂര്‍ നീണ്ട കവര്‍ച്ചയാണ് ബൈക്ക് ഷോറൂമില്‍ നടന്നത്.

അന്വേഷണം ആരംഭിച്ചു

ആലുവ: കെ.ടി.എം. ഷോറൂമില്‍നിന്ന് ബൈക്കുകള്‍ കവര്‍ന്ന സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചെന്ന് സി.ഐ. സി.എല്‍. സുധീര്‍ പറഞ്ഞു. സി.സി.ടി.വി.യില്‍ പതിഞ്ഞ കവര്‍ച്ചക്കാരുടെ ദൃശ്യം പോലീസ് ശേഖരിച്ചിട്ടുണ്ട്. ഫൊറന്‍സിക് വിദഗ്ദ്ധരും പോലീസ് നായയും സ്ഥലത്തെത്തി പരിശോധന നടത്തി. സുരക്ഷാ ജീവനക്കാരനെ കൊണ്ടിറക്കിയ കളമശ്ശേരിയിലെ ലോഡ്ജിലാണ് മോഷ്ടാക്കള്‍ താമസിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇവരുടെ തിരിച്ചറിയല്‍ രേഖ ലോഡ്ജ് അധികൃതര്‍ ശേഖരിച്ചിരുന്നില്ല. സുരക്ഷാ ജീവനക്കാരന്റെയും ലോഡ്ജ് ഉടമയുടെയും മൊഴിയെടുത്തു.