തിരൂർ: നാട്ടുകാർ നോക്കിനിൽക്കെ യുവാവിനെ കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച് കാറിൽ തട്ടിക്കൊണ്ടുപോയി. കൂട്ടായി കാട്ടിലെപ്പള്ളി സ്വദേശി കോയസന്റകത്ത് മുഹമ്മദ്റാഫി(27)യെയാണ് തട്ടിക്കൊണ്ടുപോയത്. ആലിങ്ങലിൽ പെട്രോൾപമ്പിന് സമീപം ബുധനാഴ്ച രാത്രിയാണ് സംഭവം.
നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് പോലീസ് പ്രതികൾ സഞ്ചരിച്ച ഇന്നോവ കാർ പിന്തുടർന്ന് അയ്യോട്ടിച്ചിറയിൽ വെച്ച് നാടകീയമായി പ്രതികളെ പിടികൂടി യുവാവിനെ രക്ഷിച്ചു. ഇന്നോവ കാറും കസ്റ്റഡിയിലെടുത്തു. കാർ വാടകയ്ക്ക് പണയം നൽകിയ ഇടപാടുമായി ബന്ധപ്പെട്ടാണ് അക്രമമെന്ന് പോലീസ് പറയുന്നു.
ഇരുമ്പു വടി കൊണ്ടുള്ള മർദനത്തിലും കത്തിക്കുത്തിലും പരിക്കേറ്റ മുഹമ്മദ്റാഫിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ വെളിയങ്കോട് അയ്യോട്ടിച്ചിറ സ്വദേശി വലിയപുരയ്ക്കൽ മുഹമ്മദ് ഇഖ്‌ബാൽ (24), ഈശ്വരമംഗലം സ്വദേശി വാരിയത്തുപറമ്പിൽ മുഹമ്മദ്റാഫി (20), വെളിയങ്കോട് അയ്യോട്ടിച്ചിറ സ്വദേശി പൊന്നക്കാരൻറകത്ത് ജുനൈദ് (24), വെളിയങ്കോട് ചടിരകത്ത് സി.എം. റഹീം (22) എന്നിവരെയാണ് പോലീസ് അറസ്റ്റ്‌ചെയ്തത്. പ്രതികളെ കോടതി റിമാൻഡ്ചെയ്തു.

ഗുരുവായൂർ സ്വദേശി ബിൽജോ എന്നയാളുടെ ഇയോൺ കാർ റാഫി ഇടപെട്ട് വാടകയ്ക്കു നൽകി തിരിച്ചു കൊടുത്തില്ലെന്ന കാരണം പറഞ്ഞാണ് റാഫിയേയും റാഫി സഞ്ചരിച്ച കാറും തട്ടിക്കൊണ്ടുപോയത്. കത്തികൊണ്ട് കുത്തിയ ശേഷം റാഫിയെ ബൈക്കിനു പിന്നിൽ കയറ്റിയും തുടർന്ന് ഇന്നോവ കാറിൽ വലിച്ചിട്ടുമാണ് തട്ടിക്കൊണ്ടുപോയതെന്ന് പോലീസ് പറഞ്ഞു.
ഡിവൈ.എസ്.പി ജലീൽ തോട്ടത്തിലിന്റെ നിർദേശപ്രകാരം സി.ഐ പി.പി. ഫർഷാദ്, എസ്.ഐ ജലീൽ കറുത്തേടത്ത്, എസ്.സി.പി.ഒ ഷിബു, സി.പി.ഒ സജി അലോഷ്യസ്, പങ്കജ് കുമാർ, രജീഷ്, ഡാനിയേൽ, ജോൺസ് എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
Content Highlights: The rental car was not returned, man stabbed and abducted by mob