കാസർകോട്: നാലുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതി കരിവേടകം നെട്ടിപ്പടുപ്പ് ശങ്കരംപാടി സ്വദേശി വി.എസ്.രവീന്ദ്രൻ (46) കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. വാടക ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന എസ്.ടി. വിഭാഗത്തിൽപ്പെട്ട നാലു വയസ്സുകാരിയെ പീഡിപ്പിച്ച കേസിലാണ് ജില്ലാ അഡീഷണൽ സെഷൻസ് കോടതി-ഒന്ന് ജഡ്ജി എസ്.ശശികുമാർ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ശിക്ഷ ചൊവ്വാഴ്ച വിധിക്കും.
2018 ഒക്ടോബർ ഒൻപതിനാണ് സംഭവം. പ്രതിയുടെ വീട്ടിൽ കളിക്കാനെത്തിയ കുട്ടിയെയാണ് ലൈംഗികമായി പീഡിപ്പിച്ചത്. പോക്സോ നിയമം നിലവിൽ വന്നതിനു ശേഷം 2018 ഏപ്രിൽ 21-ന് ഭേദഗതി ചെയ്ത 376 എ ബി വകുപ്പുകൾ പ്രകാരം കുറ്റക്കാരനെന്നു കണ്ടെത്തുന്ന സംസ്ഥാനത്തെ ആദ്യത്തെ കേസാണിത്.
12 വയസ്സിനു താഴെയുള്ള കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവർക്കുള്ള ശിക്ഷയാണ് ഈ വകുപ്പുകളിലുള്ളത്. കേസിൽ പ്രോസിക്യൂഷൻ 22 സാക്ഷികളെ വിസ്തരിച്ചു. 23 രേഖകൾ ഹാജരാക്കി. ബേഡകം പോലീസിൽ രജിസ്റ്റർചെയ്ത കേസിൽ ഡിവൈ.എസ്.പി. ഹരിശ്ചന്ദ്രനായ്ക്കാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി പ്രകാശ് അമ്മണ്ണായ ഹാജരായി.
Content Highlights: the accused of minor rape case confirmed as culprit