ന്യൂഡൽഹി: ഡൊമിനിക്കയിൽ പിടിയിലായ മെഹുൽ ചോക്സിക്കൊപ്പം കണ്ടെത്തിയ യുവതി അദ്ദേഹത്തിന്റെ കാമുകിയല്ലെന്ന് റിപ്പോർട്ട്. മെഹുൽ ചോക്സിയുമായി അടുപ്പമുള്ളവരാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ചോക്സിയെ ആന്റിഗ്വയിൽനിന്ന് തട്ടിക്കൊണ്ടുപോയതാണെന്നും ഈ സംഘത്തിൽ ഉൾപ്പെട്ടയാളാണ് യുവതിയെന്നും ഇവർ പറയുന്നു. നേരത്തെ അഭിഭാഷകർ മുഖേന മെഹുൽ ചോക്സിയും ഇതേ ആരോപണം ഉന്നയിച്ചിരുന്നു.

മെയ് 23-നാണ് മെഹുൽ ചോക്സിയെ ആന്റിഗ്വയിൽനിന്ന് കാണാതായത്. അദ്ദേഹം ആന്റിഗ്വയിൽനിന്ന് മുങ്ങിയെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ മെഹുൽ ചോക്സിയെ ഒരു സംഘം തട്ടിക്കൊണ്ടുപോയെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകർ പറയുന്നത്.ഇന്ത്യൻ ബന്ധങ്ങളുള്ളവരാണ് തട്ടിക്കൊണ്ടുപോയതെന്നും ആന്റിഗ്വയിലെ ഉദ്യോഗസ്ഥരുടെ സഹകരണത്തോടെയാണ് ഇത് നടന്നതെന്നും ഇവർ വാദിക്കുന്നു. ചോക്സിയെ ഇവർ മർദിച്ചതായും പിന്നീട് ബോട്ടിൽ ഡൊമിനിക്കയിലേക്ക് കൊണ്ടുപോയെന്നുമാണ് അഭിഭാഷകരുടെ വാദം.

ചോക്സിയുടെ കാമുകിയെന്ന് പറയുന്ന യുവതി ദിവസങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് അദ്ദേഹവുമായി പരിചയം സ്ഥാപിച്ചത്. രാവിലെയും വൈകിട്ടും നടക്കാനിറങ്ങുന്ന ചോക്സിയെ അവർ സ്ഥിരമായി നേരിട്ടു കണ്ട് സംസാരിച്ചു. മെയ് 23-ാം തീയതി യുവതി തന്റെ അപ്പാർട്ട്മെന്റിലേക്ക് ചോക്സിയെ ക്ഷണിച്ചു. ഇതനുസരിച്ച് അപ്പാർട്ട്മെന്റിലെത്തിയ ചോക്സിയെ അവിടെ കാത്തിരുന്ന ഒരു സംഘം തട്ടിക്കൊണ്ടുപോയെന്നാണ് അഭിഭാഷകർ പറയുന്നത്.

കാമുകിക്കൊപ്പമാണ് ചോക്സി ഡൊമിനിക്കയിലേക്ക് പോയതെന്ന് ആന്റിഗ്വൻ പ്രധാനമന്ത്രി ഗാസ്റ്റൺ ബ്രൗൺ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പിടിയിലായ ചോക്സിയെ ഇന്ത്യയിലേക്ക് നാടു കടത്താനും അദ്ദേഹം ഡൊമിനിക്കയോട് അഭ്യർഥിച്ചു. ഈ പ്രസ്താവന വന്ന് മണിക്കൂറുകൾക്കകമാണ് ചോക്സിയെ കെണിയൊരുക്കി തട്ടിക്കൊണ്ടുപോയതാണെന്നും ഈ സംഘത്തിന് ഇന്ത്യൻ ബന്ധമുണ്ടെന്നുമുള്ള ആരോപണങ്ങളും ഉയരുന്നത്.

അതിനിടെ, അറസ്റ്റിലായ ചോക്സിയെ തിങ്കളാഴ്ച ഡൊമിനിക്ക ചൈന ഫ്രണ്ട്ഷിപ്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ കോവിഡ് പരിശോധനഫലം നെഗറ്റീവാണ്. നേരത്തെ അദ്ദേഹത്തിന്റെ കൈകളിൽ മുറിവേറ്റ പാടുകളുള്ള ചിത്രങ്ങൾ പുറത്തു വന്നിരുന്നു. ചോക്സിക്ക് മർദനമേറ്റതായും അഭിഭാഷകർ ആരോപിച്ചിരുന്നു.

13,500 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതിയായതോടെയാണ് രത്നവ്യാപാരിയായ മെഹുൽ ചോക്സി ഇന്ത്യയിൽനിന്ന് മുങ്ങിയത്. ആന്റിഗ്വയിലേക്ക് കടന്ന അദ്ദേഹം അവിടെ പൗരത്വവും നേടി. ഇതിനിടെയാണ് നാടകീയമായ സംഭവവികാസങ്ങൾക്കൊടുവിൽ ഡൊമിനിക്കയിൽവെച്ച് പിടിയിലായത്. ഡൊമിനിക്കയിൽ പിടിയിലായ ചോക്സിയെ ഇന്ത്യയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്.

Content Highlights:that girl is not mehul choksis girlfriend claims by his close people