പത്തനംതിട്ട: തറയിൽ ഫിനാൻസ് തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറും. ഇതുസംബന്ധിച്ച ശുപാർശ ജില്ലാ പോലീസ് മേധാവി ആർ.നിശാന്തിനി ആഭ്യന്തരവകുപ്പിന് കൈമാറി. തട്ടിപ്പുമായി ബന്ധപ്പെട്ട് അടൂർ, പത്തനംതിട്ട പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത പരാതികൾ പ്രകാരം പത്തുകോടിയിലധികം രൂപയാണ് നിക്ഷേപകർക്ക് നഷ്ടമായിരിക്കുന്നത്. അഞ്ച് കോടിക്കുമേലുള്ള സാമ്പത്തിക തട്ടിപ്പുകൾ സംസ്ഥാന ക്രൈംബ്രാഞ്ചിന്റെ അന്വേഷണപരിധിയിലാണ് വരുന്നത്. ഇതിനാലാണ് കേസന്വേഷണം ക്രൈംബ്രാഞ്ചിന് വിടണമെന്ന് ജില്ലാ പോലീസ് മേധാവി ശുപാർശ നൽകിയത്. ഇക്കാര്യത്തിൽ തീരുമാനം അധികം വൈകില്ല. ജില്ലയിൽ രണ്ടുമാസത്തിനിടെ സാമ്പത്തിക കുറ്റകൃത്യവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ചിന് കൈമാറുന്ന രണ്ടാമത്തെ കേസാണ് ഇത്. കനറാ ബാങ്കിൽനിന്ന് ജീവനക്കാരൻ 8.13 കോടി രൂപ തട്ടിയെടുത്ത കേസാണ് ആദ്യം ക്രൈംബ്രാഞ്ചിന് കൈമാറിയത്.

അതിനിടെ കേസിലെ പ്രതികളായ സജി സാം, ഭാര്യ റാണി എന്നിവരുടെ സ്വത്ത് സംബന്ധിച്ച വിവരങ്ങൾ തേടി പോലീസ് രജിസ്ട്രേഷൻ വകുപ്പിനെ സമീപിച്ചു.

ഇരുവരുടെയും പേരിൽ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുള്ള സ്വത്തുക്കളുടെ വിവരം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് രജിസ്ട്രേഷൻ െഎ.ജി.ക്ക് പോലീസ് കത്തയച്ചു. സ്ഥാപനം പൂട്ടുന്നതിന് തൊട്ടുമുൻപായി പ്രതികൾ നടത്തിയ ഭൂമികൈമാറ്റങ്ങൾ അസാധുവാക്കാനുള്ള സാധ്യതയും പോലീസ് പരിശോധിക്കുന്നുണ്ട്.

റാണിയെ കണ്ടെത്താൻ അന്വേഷണം

സജി സാമിന്റെ ഭാര്യയും കേസിലെ രണ്ടാം പ്രതിയുമായ റാണിയെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കി. പുനലൂരിൽ കുടുംബവീടുള്ള റാണി ഇവിടെ ബന്ധുക്കളായ ചിലരുടെ ഒപ്പം കഴിയുന്നതായാണ് സൂചന. തറയിൽ ഫിനാൻസിന്റെ മാനേജിങ് പാർട്ണർമാരാണ് സജി സാമും ഭാര്യ റാണിയും. ഈ സാഹചര്യത്തിലാണ് റാണിയെ കേസിൽ രണ്ടാംപ്രതിയാക്കുന്നത്.

ഇവരെക്കൂടി തട്ടിപ്പ് കേസിൽ പ്രതിചേർത്തതായുള്ള റിപ്പോർട്ട് കഴിഞ്ഞ ദിവസം പോലീസ് കോടതിയിൽ സമർപ്പിച്ചു. കീഴടങ്ങിയ സജി സാം ഇപ്പോൾ റിമാൻഡിലാണ്.