കോതമംഗലം: തലക്കോട് ചെക്ക് പോസ്റ്റില്‍ കള്ളനോട്ടുമായി പിടിയിലായ മൂന്നംഗ സംഘത്തിലെ ബംഗാളി യുവതികള്‍ക്ക് അന്തസ്സംസ്ഥാന കള്ളനോട്ട് സംഘവുമായി ബന്ധമുണ്ടെന്ന് അന്വേഷണ സംഘത്തിന് സൂചന ലഭിച്ചു. പ്രതികള്‍ സമാനമായ കള്ളനോട്ട് കേസില്‍ മുമ്പും പിടിക്കപ്പെട്ടതായും ചോദ്യംചെയ്യലില്‍ തെളിഞ്ഞു.

പൊന്‍കുന്നം മാളിയേക്കല്‍ അനൂപ് വര്‍ഗീസ് (45), മുംബൈയില്‍ താമസിക്കുന്ന ബംഗാള്‍ സ്വദേശികളും സഹോദരിമാരുമായ സുഹാന ഷെയ്ക്ക് (27), സാഹിം (20) എന്നിവരാണ് കഴിഞ്ഞ വെള്ളിയാഴ്ച തലക്കോട് ചെക്ക് പോസ്റ്റില്‍ കളളനോട്ടുകളുമായി പിടിയിലായത്. 22,000 രൂപയുടെ കള്ളനോട്ടും 7.5 ലക്ഷം രൂപയും പ്രതികളില്‍ നിന്ന് പോലീസ് കണ്ടെടുത്തിരുന്നു. കോടതി റിമാന്‍ഡിലായിരുന്ന പ്രതികളെ ഏഴ് ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്. റൂറല്‍ എ.എസ്.പി. സുജിത്തിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടക്കുന്നത്.

ഊന്നുകല്‍ സ്റ്റേഷനില്‍ പ്രതികളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. ചോദ്യംചെയ്യലില്‍ ചില നിര്‍ണായക വിവരം ലഭിച്ചിട്ടുണ്ട്.

നേപ്പാള്‍, ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നാണ് യുവതികള്‍ക്ക് കള്ളനോട്ട് കിട്ടുന്നതെന്നാണ് ചോദ്യംചെയ്യലില്‍ വ്യക്തമാകുന്നത്. പ്രതികളുടെ ഗള്‍ഫിലേയും മറ്റും ബന്ധം കണക്കിലെടുത്ത് കേസ് രാജ്യാന്തരതലത്തിലേക്ക് മാറുന്നതിനും സാധ്യതയുണ്ട്. 

ഊന്നുകല്‍ എസ്.ഐ. ടി.എം. സൂഫിയുടെ നേതൃത്വത്തിലുള്ള നാലംഗ സംഘം വ്യാഴാഴ്ച മുംബൈയില്‍ എത്തി അന്വേഷണം തുടങ്ങിയതായാണ് വിവരം. ബംഗാള്‍ മാള്‍ഡ ജില്ലയില്‍ കാലിയചോക് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഉത്തര്‍ദാരീയപുര്‍ ഹുമയൂണിന്റെ മക്കളാണ് സുഹാനയും സാഹിമും. സുഹാന ബംഗാളി സീരിയല്‍-സിനിമ മേഖലയുമായി അടുത്ത ബന്ധമുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം. അനൂപ് വര്‍ഷങ്ങളായി ബഹ്ൈറനില്‍ പലവിധ ബിസിനസുകള്‍ നടത്തിവരികയായിരുന്നു. സാഹിമുമായി ചേര്‍ന്ന് അനൂപ് അടുത്തകാലത്ത് ചില ഇടപാടുകള്‍ നടത്തിയതായും വ്യക്തമായിട്ടുണ്ട്. മുംബൈയില്‍ ഇവര്‍ ഒരുമിച്ച് താമസിച്ചിരുന്നതായി ചോദ്യംചെയ്യലില്‍ വ്യക്തമായിരുന്നു. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ മുംബൈയില്‍ നിന്ന് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

Content highlights: Kothamangalam, Fake note, Thalakkode