ഹൈദരാബാദ്: ബലാത്സംഗത്തിനിരയായി കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പ് വെറ്ററിനറി ഡോക്ടറുടെ ഫോണില്‍ നിന്ന് പോയ അവസാന ഫോണ്‍ കോളാണ് കൊലപാതകിയിലേക്കെത്താന്‍ പോലീസിനെ സഹായിച്ചതെന്ന് റിപ്പോര്‍ട്ട്. കേസിലെ മുഖ്യപ്രതിയായ മുഹമ്മദ് എന്ന ആരിഫിന് മരണത്തിന് തൊട്ടുമുമ്പ് ഡോക്ടര്‍ ഫോണ്‍ ചെയ്തിരുന്നു. ഇതിന് ശേഷം ഡോക്ടറുടെ ഫോണില്‍ നിന്ന് മറ്റ് കോളുകള്‍ പോയിരുന്നുമില്ല. ഇതാണ് പോലീസിന് തുമ്പായത്.
ഡോക്ടറുടെ സ്കൂട്ടര്‍ സ്വയം പഞ്ചറാക്കിയ ശേഷം നന്നാക്കാനായി കൊണ്ടുപോകുമ്പോള്‍ വിശ്വാസ്യത നേടിയെടുക്കാനായി ആരിഫ് തന്റെ മൊബൈല്‍ നമ്പര്‍ ഡോക്ടര്‍ക്ക് കൈമാറിയിരുന്നു. രാത്രി ഏകദേശം 9.20 ആയിരുന്നു സമയം. പതിനഞ്ച് മിനിട്ടിന് ശേഷം സ്കൂട്ടറുമായി ആരിഫ് തിരികെ എത്താതിരുന്നതോടെ ഡോക്ടര്‍ ആരിഫിന്റെ ഫോണിലേക്ക് വിളിച്ചിരുന്നു. ഇതിനുശേഷമാണ് ഡോക്ടര്‍ കൂട്ടബലാത്സംഗത്തിന് ഇരയായി കൊലചെയ്യപ്പെട്ടതെന്ന് പോലീസ് റിമാന്റ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
വിചാരണയ്ക്ക് ഫാസ്റ്റ് ട്രാക്ക് മജിസ്ട്രേറ്റ് കോടതി
ഡോക്ടറുടെ കൊലപാതകേസിന്റെ വിചാരണയ്ക്കായി ഫാസ്റ്റ് ട്രാക്ക് മജിസ്ട്രേറ്റ് കോടതി രൂപവത്കരിക്കാന്‍ തെലങ്കാന സര്‍ക്കാര്‍ ഉത്തരവിട്ടു. രാജ്യ വ്യാപകമായി ഉണ്ടായ പ്രതിഷേധത്തെ തുടര്‍ന്നാണ് നടപടി. ദാരുണമായ സംഭവമാണ് ഉണ്ടായതെന്നും കുറ്റക്കാര്‍ക്ക് ശക്തമായ ശിക്ഷ ലഭിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും ഡോക്ടറുടെ കുടുംബത്തിന് എല്ലാ സഹായവും വാഗ്ദാനം ചെയ്യുന്നതായും തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖരറാവു വ്യക്തമാക്കി.
വെറ്ററിനറി ഡോക്ടറായ യുവതിയെ ബുധനാഴ്ച രാത്രിയോടെയാണ് നാലംഗ സംഘം ബലാത്സംഗം ചെയ്തശേഷം കൊലപ്പെടുത്തിയത്. വ്യാഴാഴ്ച പുലര്‍ച്ചെ ഹൈദരാബാദ്- ബെംഗളൂരു ദേശീയ പാതയില്‍ കത്തിക്കരിഞ്ഞ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ ലോറി തൊഴിലാളികളായ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Content Highlight: Telangana rape-murder case: Doctor’s last call leads to rapists