ഹൈദരാബാദ്: തെലങ്കാനയില്‍ ക്രൂരമായ ബലാത്സംഗത്തിന് ഇരയായി കൊലചെയ്യപ്പെട്ട മൃഗഡോക്ടറുടെ വീട് സന്ദര്‍ശിക്കാനെത്തിയ പ്രാദേശിക രാഷ്ട്രീയ നേതാക്കളെ തടഞ്ഞ് നാട്ടുകാര്‍. സഹതാപമല്ല, അക്രമികള്‍ക്കെതിരെ ശക്തമായ നടപടിയാണ് വേണ്ടതെന്ന ആവശ്യമുന്നയിച്ചാണ് നാട്ടുകാര്‍ പ്രദേശത്ത് സംഘടിച്ചത്. യുവതിയുടെ കുടുംബം താമസിക്കുന്ന ഷംഷാബാദിലുള്ള കോളനിയുടെ പ്രവേശന കവാടം നാട്ടുകാര്‍ അടച്ചുപൂട്ടി.

മാധ്യമങ്ങള്‍ വേണ്ട, പുറത്തുനിന്നുള്ളവര്‍ വേണ്ട, പോലീസും വേണ്ട, സഹതാപവും വേണ്ട ... തങ്ങള്‍ക്ക് നടപടിയും നീതിയും മാത്രമാണ് വേണ്ടതെന്ന് ആവശ്യപ്പെടുന്ന പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി ആയിരുന്നു നാട്ടുകാരുടെ പ്രതിഷേധം. മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംഭവത്തെക്കുറിച്ച് പ്രതികരിക്കാത്തതില്‍  ജനങ്ങള്‍ രോഷം പ്രകടിപ്പിച്ചു.

വെറ്ററിനറി ഡോക്ടറായ യുവതിയെ ബുധനാഴ്ച രാത്രിയോടെയാണ് നാലംഗ സംഘം ബലാത്സംഗം ചെയ്തശേഷം കൊലപ്പെടുത്തിയത്.  വ്യാഴാഴ്ച പുലര്‍ച്ചെ ഹൈദരാബാദ് - ബെംഗളൂരു ദേശീയ പാതയില്‍ കത്തിക്കരിഞ്ഞ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ ലോറി തൊഴിലാളികളായ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Content Highlight: Telangana doctor rape-murder case; victim's locality turn Politicians Away