ഹൈദരാബാദ്: ലോക്ക്ഡൗണ്‍ ലംഘിച്ചതിന്റെ പേരില്‍ ബൈക്ക് യാത്രക്കാരന് മകന്റെ മുന്നില്‍വെച്ച് പോലീസ് മര്‍ദനം. തെലങ്കാനയിലെ വാനപാര്‍ത്തി ജില്ലയില്‍ ബുധനാഴ്ചയായിരുന്നു സംഭവം. മകനോടൊപ്പം ഭാര്യാമാതാവിന്റെ വീട്ടിലേക്ക് പോവുകയായിരുന്ന യുവാവിനെയാണ് പോലീസ് മര്‍ദിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും വിവാദമാവുകയും ചെയ്തതോടെ യുവാവിനെ മര്‍ദിച്ച പോലീസ് കോണ്‍സ്റ്റബിളിനെ സസ്‌പെന്‍ഡ് ചെയ്തതായി തെലങ്കാന പോലീസ് അറിയിച്ചു. 

ലോക്ക്ഡൗണ്‍ ലംഘിച്ച് യാത്രചെയ്തതിന്റെ പേരിലാണ് മുരളീകൃഷ്ണ എന്ന യുവാവിനെയും ഇയാളുടെ പത്ത് വയസ്സുള്ള മകനെയും പോലീസ് തടഞ്ഞത്. തുടര്‍ന്ന് മഫ്തിയിലുണ്ടായിരുന്ന പോലീസുകാരന്‍ അസഭ്യം പറഞ്ഞ് മര്‍ദിച്ചെന്നാണ് പരാതി. മുരളീകൃഷ്ണയെ പോലീസുകാരന്‍ മര്‍ദിക്കുന്നതും ഇതിനിടെ അച്ഛനെ ഒന്നും ചെയ്യരുതെന്ന് പറഞ്ഞ് മകന്‍ കരയുന്നതും വീഡിയോ ദൃശ്യങ്ങളിലുണ്ട്. പിന്നീട് പോലീസ് വാഹനത്തില്‍ കയറ്റി കസ്റ്റഡിയിലെടുത്ത ശേഷവും മുരളീകൃഷ്ണയെ മര്‍ദിച്ചതായും ആക്ഷേപമുണ്ട്. 

അതേസമയം, ബൈക്കിലെത്തി മുരളീകൃഷ്ണ പോലീസിനോട് അനാവശ്യമായി കയര്‍ത്ത് സംസാരിച്ചതും അസഭ്യം പറഞ്ഞതുമാണ് സംഭവത്തിന് കാരണമെന്ന് വാനപാര്‍ത്തി പോലീസ് ഇന്‍സ്‌പെക്ടര്‍ സൂര്യനായിക്ക് പ്രതികരിച്ചു. ലോക്ക്ഡൗണായതിനാല്‍ യാത്ര ചെയ്യാനാകില്ലെന്ന് അദ്ദേഹത്തോട് പറഞ്ഞിരുന്നു. എന്നാല്‍ ഇത് വകവെയ്ക്കാതെ മുരളീകൃഷ്ണ പോലീസിനോട് തട്ടിക്കയറി. തുടര്‍ന്ന് ബൈക്ക് പിടിച്ചെടുക്കുമെന്ന് പോലീസ് പറഞ്ഞു. ഇതിനിടെ അദ്ദേഹത്തിന്റെ ബൈക്കുമായി ബന്ധപ്പെട്ട കേസുകളുടെ വിശദാംശങ്ങള്‍ ഓണ്‍ലൈനില്‍ പരിശോധിച്ചു. ട്രാഫിക് നിയമം ലംഘിച്ചതിന് 13 ചലാനുകള്‍ അദ്ദേഹത്തിന് അയച്ചിരുന്നു. ഈയിനത്തില്‍ 2820 രൂപ അടയ്ക്കാനുണ്ടെന്നും പറഞ്ഞു. എന്നാല്‍ ഇതെല്ലാം കേട്ടതോടെ മുരളീകൃഷ്ണ കുപിതനായി പോലീസുകാരനെയാണ് ആദ്യം ആക്രമിച്ചതെന്നും ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. കസ്റ്റഡിയിലെടുത്ത ശേഷം മുരളീകൃഷ്ണയെ മര്‍ദിച്ചെന്ന ആക്ഷേപം കള്ളമാണെന്നും അദ്ദേഹം വ്യക്തമാക്കി. 

അതിനിടെ, തെലങ്കാന പോലീസിന്റെ ഇത്തരത്തിലുള്ള പെരുമാറ്റത്തിനെതിരെ വ്യാപക പ്രതിഷേധമാണുയര്‍ന്നത്. സംസ്ഥാന ഐടി വകുപ്പ് മന്ത്രി കെ.ടി.ആര്‍. റാവു അടക്കം പോലീസിനെതിരെ രംഗത്തെത്തി. എന്ത് സാഹചര്യമാണെങ്കിലും ഇത്തരത്തിലുള്ള പോലീസ് നടപടി ഒരിക്കലും അംഗീകരിക്കാനാകില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സംഭവത്തില്‍ ആവശ്യമായ ശിക്ഷാനടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രി ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. 

Content Highlights: telangana cop beats a man in front of his son