ഹൈദരാബാദ്: ഇൻഷുറൻസ് മെഡിക്കൽ സർവീസ് തട്ടിപ്പ് കേസിലെ പ്രതികളുടെ നിക്ഷേപങ്ങൾ തെലങ്കാന ആന്റി കറപ്ഷൻ ബ്യൂറോ(എ.സി.ബി.) പിടിച്ചെടുത്തു. ഇൻഷുറൻസ് മെഡിക്കൽ സർവീസ് മുൻ ഡയറക്ടർ ദേവിക റാണി, ഇ.എസ്.ഐ. ഫാർമസിസ്റ്റ് നാഗ ലക്ഷ്മി എന്നിവർ സ്വകാര്യ റിയൽ എസ്റ്റേറ്റ് കമ്പനിയിൽ നിക്ഷേപിച്ച 4.5 കോടിയോളം രൂപയാണ് എ.സി.ബി. പിടിച്ചെടുത്തത്.

ഗച്ചിബൗളിയിൽ പാർപ്പിട, വാണിജ്യ കെട്ടിടങ്ങൾ വാങ്ങാനായാണ് ഇരുവരും റിയൽ എസ്റ്റേറ്റ് കമ്പനിയിൽ പണം നിക്ഷേപിച്ചിരുന്നത്. ദേവിക റാണി 3.7 കോടി രൂപയും നാഗലക്ഷ്മി 72 ലക്ഷവുമാണ് നിക്ഷേപിച്ചിരുന്നത്. ഇതാദ്യമായാണ് തട്ടിപ്പ് കേസിലെ പ്രതികളുടെ നിക്ഷേപം കറൻസിയായി തന്നെ എ.സി.ബി. പിടിച്ചെടുക്കുന്നത്.

കുടുംബാംഗങ്ങളുടെ പേരിലും ബിനാമിമാരുടെ പേരിലുമാണ് ദേവിക റാണി വൻ നിക്ഷേപങ്ങൾ നടത്തിയിരുന്നതെന്ന് എ.സി.ബി. ഉദ്യോഗസ്ഥർ പറഞ്ഞു. പിടിച്ചെടുത്ത പണത്തിന് പുറമേ 2.29 കോടി രൂപ ചെക്കുകളിലൂടെയും ഓൺലൈൻ ട്രാൻസ്‌ഫറിലൂടെയും ഇവർ കമ്പനിക്ക് നൽകിയിരുന്നു.

ഇ.എസ്.ഐ. ആശുപത്രികളിലേക്കും ഡിസ്പൻസറികളിലേക്കും മരുന്ന് വിതരണം ചെയ്തതിൽ വമ്പൻ ക്രമക്കേടുകൾ കണ്ടെത്തിയതോടെയാണ് ഐ.എം.എസ്. ഡയറക്ടറായിരുന്ന ദേവിക റാണി അടക്കമുള്ളവർ ആദ്യം അറസ്റ്റിലാകുന്നത്. പിന്നീട് ഇതേ പ്രതികൾക്കെതിരേ അനധികൃത സ്വത്ത് സമ്പാദനക്കേസും രജിസ്റ്റർ ചെയ്തിരുന്നു.

Content Highlights:telangana acb seized 4.5 crore from real estate company