ജയ്പുർ: തട്ടിക്കൊണ്ടുപോയി മർദിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തവരിൽ നിന്ന് രക്ഷപ്പെടാൻ കൗമാരക്കാരി ഉടുതുണിയില്ലാതെ നിരത്തിലൂടെ ഓടി. കുട്ടിയോട് അതിക്രമം കാട്ടിയ മൂന്നുപേരെ പോലീസ് അറസ്റ്റു ചെയ്തു. രാജസ്ഥാനിലെ ഭിൽവാഡയിൽ തിങ്കളാഴ്ച വൈകീട്ടാണ് സംഭവം.
മേള കണ്ടു കഴിഞ്ഞ് അമ്പലത്തിലേക്ക് പോവുകയായിരുന്ന പതിനഞ്ചുകാരിയെയും ബന്ധുവിനെയും സുഹൃത്തിനെയും വഴിയിൽ മദ്യപിച്ചു കൊണ്ടിരുന്ന മൂന്നുപേർ തടഞ്ഞു നിർത്തി. ഒപ്പമുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു. തനിച്ചായ കുട്ടിയെ മദ്യപർ ആളൊഴിഞ്ഞിടത്തേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി മർദിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തു.
അടുത്തുള്ള ചന്തയിലേക്ക് ഓടിക്കയറിയ ബന്ധു പെൺകുട്ടിയെ പിടിച്ചുകൊണ്ടുപോയെന്ന വിവരം എല്ലാവരെയും അറിയിച്ചു. കടക്കാരിലൊരാളോട് സഹായവും തേടി. ഇയാൾ സ്ഥലത്തെത്തുമ്പോൾ കുട്ടിയെ മദ്യപർ മർദിക്കുന്നതു കണ്ടു. കടക്കാരനെക്കണ്ട അക്രമികൾ ഓടി രക്ഷപ്പെട്ടു.
ഇയാളും ആക്രമിക്കാൻ വരുന്നയാളാണെന്നു കരുതി പെൺകുട്ടി ഉടുതുണിയില്ലാതെ ഓടി. അരക്കിലോമീറ്ററോളം ഓടിയ കുട്ടിയെ ഒടുവിൽ പിടിച്ചുനിർത്തി തുണി കൊടുക്കുകയായിരുന്നുവെന്ന് കടക്കാരൻ പറഞ്ഞു.
കുട്ടികളോടുള്ള ലൈംഗികാതിക്രമം, പട്ടികജാതിക്കാരോടുള്ള അതിക്രമം എന്നീ കുറ്റങ്ങൾക്ക് അക്രമികളുടെ പേരിൽ കേസെടുത്തെന്ന് ഭിൽവാഡയിലെ മുതിർന്ന പോലീസുദ്യോഗസ്ഥൻ ഹരേന്ദ്ര മഹ്വാർ പറഞ്ഞു. അതിക്രമംനടന്നയിടത്തുനിന്ന് തെളിവുകൾ ശേഖരിച്ചതായി ഡി.എസ്.പി. ഭരത് സിങ് പറഞ്ഞു.
Content Highlights: teenager girl ran naked after she gang raped in Jaipur