ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ജീന്‍സ് ധരിക്കാന്‍ നിര്‍ബന്ധം പിടിച്ച കൗമാരക്കാരി ബന്ധുക്കളുടെ മര്‍ദ്ദനത്തെ തുടര്‍ന്ന് മരിച്ചു. ദേവ്‌രിയയില്‍ തിങ്കളാഴ്ചയാണ് സംഭവം. സവെര്‍ജി ഖാര്‍ഗ് ഗ്രാമത്തില്‍ നിന്നുള്ള 17 കാരിയാണ് കൊല്ലപ്പെട്ടതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

പെണ്‍കുട്ടിക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതായി പോലീസ് പറഞ്ഞു. പോസ്റ്റുമാര്‍ട്ടത്തില്‍ പെണ്‍കുട്ടിയുടെ തലയില്‍ പരിക്കുകളും തലയോട്ടിയില്‍ പൊട്ടലും സ്ഥിരീകരിച്ചിട്ടുണ്ട്. പാലത്തില്‍ നിന്ന് മൃതദേഹം ഉപേക്ഷിക്കാന്‍ കുടുംബം ശ്രമിച്ചതായും പോലീസ് പറഞ്ഞു. എന്നാല്‍ കുടുങ്ങിക്കിടന്ന മൃതദേഹം പിന്നീട് പോലീസ് കണ്ടെത്തുകയായിരുന്നു. 

പെണ്‍കുട്ടിയുടെ മുത്തച്ഛനും മുത്തശ്ശിയും ഉള്‍പ്പെടെ 10 പേര്‍ക്കെതിരേ കുട്ടിയുടെ അമ്മയാണ് പോലീസില്‍ പരാതി നല്‍കിയത്. 201, 302 അടക്കമുള്ള വകുപ്പുകള്‍ പ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. 

എന്നാല്‍ കൊലപാതകത്തിന്റെ കാരണം സംബന്ധിച്ച് പോലീസിന് സംശയങ്ങളുണ്ട്. കാരണം മറ്റെന്തെങ്കിലുമാകാമെന്നും കുടുംബം അത് മറയ്ക്കാന്‍ ശ്രമിക്കുകയാണെന്നുമാണ് പോലീസ് സംശയിക്കുന്നത്. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് വ്യക്തമാക്കി. 

Content Highlights: Teenage girl in UP allegedly thrashed after she insisted on wearing jeans, dies