ബെംഗളൂരു: തങ്ങളുടെ അമിതമായ അടുപ്പത്തെ എതിർത്ത അച്ഛനെ പത്താംക്ലാസ് വിദ്യാർഥിനിയും സുഹൃത്തായ ആൺകുട്ടിയും ചേർന്ന് പാലിൽ ഉറക്കഗുളിക നൽകി മയക്കിയശേഷം കുത്തിക്കൊന്നു. തുടർന്ന് മൃതദേഹം ശൗചാലയത്തിലേക്ക് വലിച്ചുകൊണ്ടുപോയി തീക്കൊളുത്തുകയും ചെയ്തു.

രാജസ്ഥാൻ സ്വദേശിയായ വസ്ത്രവ്യാപാരി ജയ്‌കുമാർ (41) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 15-കാരിയായ മകളെയും 18-കാരനായ ആൺസുഹൃത്തിനെയും പോലീസ് അറസ്റ്റുചെയ്തു.

ബെംഗളൂരു രാജാജിനഗറിൽ ഞായറാഴ്ചയാണ് സംഭവം. രാജാജിനഗർ അഞ്ചാം ബ്ലോക്കിലെ വീടിനുസമീപം വസ്ത്രവ്യാപാരം നടത്തിവരികയായിരുന്നു ജയ്‌കുമാർ.

പുതുച്ചേരിയിൽ കല്യാണത്തിനുപോകുന്ന ഭാര്യ പൂജയെയും മകനെയും റെയിൽവേ സ്റ്റേഷനിൽ കൊണ്ടുവിട്ട് വീട്ടിൽ തിരിച്ചെത്തിയ ജയ്‌കുമാറിന് മകൾ പാലിൽ ഉറക്കഗുളിക നൽകുകയായിരുന്നു. ഉറക്കത്തിലായപ്പോഴാണ് പെൺകുട്ടിയും സുഹൃത്തും ചേർന്ന് കുത്തിക്കൊന്നതെന്ന് പോലീസ് പറഞ്ഞു.

വീട്ടിൽനിന്ന് പുക ഉയരുന്നതുകണ്ട് അയൽവാസികൾ പോലീസിനെയും അഗ്നിശമനസേനയെയും വിവരമറിയിച്ചു. അഗ്നിശമനസേന വീടിനകത്ത് പ്രവേശിച്ചപ്പോൾ ജയ്‌കുമാറിന്റെ മൃതദേഹം പാതികത്തിയനിലയിലായിരുന്നു. ദേഹത്ത് 10 മുറിവുകളുമുണ്ടായിരുന്നു. മുറിയിലും കിടക്കയിലും രക്തം വീണിരുന്നു.

കൊലപാതകമാണെന്ന സംശയത്തിൽ പോലീസ് മകളെയും സുഹൃത്തിനെയും ചോദ്യംചെയ്തപ്പോൾ പരസ്പരവിരുദ്ധമായ മൊഴികളായിരുന്നു ആദ്യം നൽകിയത്. പിന്നീട് വിശദമായി ചോദ്യംചെയ്തപ്പോൾ കുറ്റം സമ്മതിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ആൺകുട്ടിയുമായുള്ള ബന്ധത്തെ അച്ഛൻ എതിർത്തിരുന്നതായി പെൺകുട്ടി പോലീസിനോട് പറഞ്ഞു. അടുത്തിടെ ഇരുവരും ഒന്നിച്ച് മാളിൽ പോയതിന് അച്ഛൻ വഴക്കുപറഞ്ഞിരുന്നു. ഇതേത്തുടർന്ന് അച്ഛനെ കൊലപ്പെടുത്താൻ സുഹൃത്തിന്റെ സഹായത്തോടെ പെൺകുട്ടി തീരുമാനിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

Content Highlight: Teenage Bengaluru Girl Killed her Father and setting his body on fire with help of boy friend