ഭോപ്പാല്‍: പരീക്ഷയില്‍നിന്ന് 'രക്ഷപ്പെടാന്‍' ബന്ധുവായ മൂന്നുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയ 12-ാം ക്ലാസ് വിദ്യാര്‍ഥിയെ പിടികൂടി. മധ്യപ്രദേശ് മൊറേന ജില്ലയിലെ തുഥില ഗ്രാമത്തിലെ രണ്‍ബീറാണ്(18) പോലീസിന്റെ പിടിയിലായത്. 12-ാം ക്ലാസ് പരീക്ഷ എഴുതാതിരിക്കാന്‍ വേണ്ടിയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയി വയലില്‍ ഉപേക്ഷിച്ചതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. 

ചൊവ്വാഴ്ചയാണ് മൂന്നുവയസ്സുകാരനായ കുട്ടിയെ വീട്ടില്‍നിന്ന് കാണാതായത്. സംഭവസ്ഥലത്ത് നിന്ന് ഒരു കുറിപ്പും കിട്ടിയിരുന്നു. കുട്ടിയെ കണ്ടെത്തണമെങ്കില്‍ രണ്‍ബീറിനെ അയക്കണമെന്നായിരുന്നു കുറിപ്പിലെ നിര്‍ദേശം. എന്നാല്‍ പോലീസ് സംഘത്തിന് ഈ കുറിപ്പിലും കൈയക്ഷരത്തിലും സംശയം തോന്നുകയും രണ്‍ബീറിനെ ചോദ്യം ചെയ്യുകയുമായിരുന്നു. ഇതോടെയാണ് രണ്‍ബീര്‍ പോലീസിനോട് കുറ്റംസമ്മതിച്ചത്. തുടര്‍ന്ന് സമീപത്തെ വയലില്‍നിന്ന് കൈയും കാലും കെട്ടിയിട്ടനിലയില്‍ മൂന്നുവയസ്സുകാരനെ കണ്ടെത്തി. കുട്ടിക്ക് പരിക്കൊന്നുമില്ലെന്നാണ് റിപ്പോര്‍ട്ട്. 

കുട്ടിയെ കാണാതാവുകയും തുടര്‍ന്ന് കുട്ടിയെ കണ്ടെത്താന്‍ തന്നെ അയക്കുകയും ചെയ്താല്‍ പരീക്ഷ എഴുതേണ്ടിവരില്ലെന്നായിരുന്നു രണ്‍ബീര്‍ കരുതിയത്. ഇതിനെത്തുടര്‍ന്നാണ് ഉറങ്ങികിടന്ന ബന്ധുവായ മൂന്നുവയസ്സുകാരനെ വീട്ടില്‍നിന്നും തട്ടിക്കൊണ്ടുപോയി വയലില്‍ ഉപേക്ഷിച്ചത്. 

Content Highlights: teen student kidnaps three year old cousin to escape from 12th class exams