ബെംഗളൂരു: ടെക്കി യുവാവിന്റെ കൊലപാതകത്തില്‍ വാടക കൊലയാളിയും പിതാവും അറസ്റ്റില്‍. ബെംഗളൂരു മല്ലേശ്വരം സ്വദേശിയും ഐ.ടി. ജീവനക്കാരനുമായ കൗശല്‍ പ്രസാദ് കൊല്ലപ്പെട്ട കേസിലാണ് പിതാവ് ബി.വി. കേശവ(50) വാടക കൊലയാളി നവീന്‍ കുമാര്‍ എന്നിവരെ ആവനഹള്ളി പോലീസ് അറസ്റ്റ് ചെയ്തത്. സ്വത്ത് ആവശ്യപ്പെട്ട് നവീന്‍കുമാര്‍ പിതാവിനെ നിരന്തരം ഉപദ്രവിച്ചിരുന്നതും പ്രശ്‌നങ്ങളുണ്ടാക്കിയതുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. 

കൃത്യമായ ആസൂത്രണത്തോടെയാണ് ബി.വി. കേശവയും നവീന്‍കുമാറും കൊലപാതകം നടത്തിയത്. കേശവയുടെ മറ്റൊരു മകന്റെ സുഹൃത്താണ് നവീന്‍കുമാര്‍. കൗശലിനെ കൊലപ്പെടുത്താന്‍ മൂന്ന് ലക്ഷം രൂപയ്ക്കാണ് ഇയാള്‍ക്ക് ക്വട്ടേഷന്‍ നല്‍കിയത്. ഇതില്‍ ഒരു ലക്ഷം രൂപ അഡ്വാന്‍സായി നല്‍കി. ജനുവരി പത്താം തീയതി നവീന്‍കുമാര്‍ കൗശലിനെ മല്ലേശ്വരത്തുനിന്നും കാറില്‍ കൂട്ടിക്കൊണ്ടുപോയി. തുടര്‍ന്ന് എലേമല്ലപ്പ തടാകത്തിന് സമീപത്തുവെച്ച് ഇരുവരും മദ്യപിച്ചു. മദ്യത്തില്‍ മയക്കുമരുന്ന് കലര്‍ത്തിനല്‍കി കൗശലിനെ ബോധരഹിതനാക്കി. പിന്നാലെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ഇതിനുശേഷം കൈകാലുകള്‍ വെട്ടിമാറ്റി മൃതദേഹം വെട്ടിനുറുക്കി ചാക്കുകളിലാക്കി തടാകത്തില്‍ ഉപേക്ഷിക്കുകയും ചെയ്തു. 

അതിനിടെ. കൗശലിനെ കാണാനില്ലെന്ന് പറഞ്ഞ് ജനുവരി 12-ാം തീയതി കേശവ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ജനുവരി പത്താം തീയതി വീട്ടില്‍നിന്ന് പോയ മകന്‍ മടങ്ങിവന്നില്ലെന്നും അന്വേഷണം നടത്തണമെന്നുമായിരുന്നു പരാതി. മൊബൈല്‍ ഫോണ്‍ സഹോദരനെ ഏല്‍പ്പിച്ചാണ് മകന്‍ പോയതെന്നും പരാതിയില്‍ പറഞ്ഞിരുന്നു. 

കേശവയുടെ പരാതിയില്‍ പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് എലേമല്ലപ്പ തടാകത്തില്‍ ദുര്‍ഗന്ധം വമിക്കുന്ന ചില ചാക്കുകള്‍ കണ്ടതായി വിവരം ലഭിച്ചത്. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോള്‍ ചാക്കുകളില്‍നിന്ന് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തുകയും കൊല്ലപ്പെട്ടത് കൗശല്‍ ദാസാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹാവശിഷ്ടങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. 

ഐ.ടി. ജീവനക്കാരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പിന്നീട് വിപുലമായ അന്വേഷണമാണ് പോലീസ് നടത്തിയത്. നഗരത്തിലെ നിരവധി സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ്, സംഭവദിവസം മല്ലേശ്വരം 18 ക്രോസില്‍നിന്ന് കൗശല്‍ദാസ് ഒരു കാറില്‍ കയറിപോകുന്ന ദൃശ്യങ്ങള്‍ കണ്ടെത്തി. ഈ കാര്‍ എല്ലേമല്ലപ്പ തടാകത്തിന് സമീപത്തേക്കാണ് പോയതെന്നും അന്വേഷണത്തില്‍ വ്യക്തമായി. പിന്നാലെ കാറുടമയായ നവീന്‍കുമാറിനെ പിടികൂടിയതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. 

Content Highlights: techie youth murder case father and hired killer arrested in bengaluru