ഹൈദരാബാദ്: വാക്സിൻ സ്റ്റോക്കില്ലെന്ന് അറിയിച്ചതിന് പിന്നാലെ നഴ്സിനെ മർദിച്ച് യുവാവ്. തെലങ്കാന ഗച്ചിബൗളി സ്വദേശിയും സോഫ്റ്റ്വെയർ എൻജിനീയറുമായ രാജേഷ്(24) ആണ് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിനെ ആക്രമിച്ചത്. സംഭവം വിവാദമായതോടെ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.

ബുധനാഴ്ച വൈകിട്ട് നാല് മണിയോടെയാണ് ഖൈറാത്താബാദ് അർബൻ പ്രൈമറി ഹെൽത്ത് സെന്ററിൽ രാജേഷ് വാക്സിൻ കുത്തിവെയ്പ്പിന് എത്തിയത്. നേരത്തെ ഓൺലൈനിൽ സമയം ബുക്ക് ചെയ്ത ശേഷമായിരുന്നു യുവാവ് വന്നത്. എന്നാൽ യുവാവ് വാക്സിൻ എടുക്കാനെത്തിയപ്പോഴേക്കും ആരോഗ്യകേന്ദ്രത്തിലെ വാക്സിൻ സ്റ്റോക്ക് തീർന്നു. ഇക്കാര്യം നഴ്സ് യുവാവിനെ അറിയിച്ചതോടെയാണ് ആക്രമണം ആരംഭിച്ചത്.

ആദ്യം നഴ്സിനോടും മറ്റു ജീവനക്കാരോടും മോശമായ രീതിയിൽ സംസാരിച്ച യുവാവ് പിന്നാലെ മൊബൈൽ ഫോണിൽ വീഡിയോ റെക്കോഡ് ചെയ്യാൻ ശ്രമിച്ചു. ജീവനക്കാർ ഇത് തടയാൻ ശ്രമിച്ചതോടെയാണ് നഴ്സിനെ ആക്രമിച്ചത്. ആക്രമണത്തിൽ നഴ്സിന്റെ മുഖത്ത് പരിക്കേറ്റതായി പോലീസ് പറഞ്ഞു. തുടർന്ന് വിവരമറിഞ്ഞെത്തിയ പോലീസ് സംഭവത്തിൽ കേസെടുക്കുകയും ടെക്കി യുവാവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Content Highlights:techie youth arrested after attacking nurse in covid vaccination centre