ഹൈദരാബാദ്:  സോഫ്റ്റ്വെയര്‍ എഞ്ചിനീയറെ കാമുകന്‍ വെട്ടിക്കൊന്ന് സ്യൂട്ട്‌കേസിലാക്കി ഓടയില്‍ തള്ളി. ഹൈദരാബാദിലെ മെഡ്ചല്‍ എന്ന സ്ഥലത്തുനിന്നും ഞായറാഴ്ച രാവിലെയാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

മെക്കാനിക്കല്‍ എഞ്ചിനീയറായ സുനില്‍ ആണ് യുവതിയെ കൊലപ്പെടുത്തിയത്. സഹ പ്രവർത്തകരായിരുന്ന ഇരുവരും പ്രണയത്തിലായിരുന്നു. വിവാഹം കഴിക്കണമെന്ന് യുവതി ആവശ്യപ്പെട്ടതാണ് സുനിലിനെ പ്രകോപിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. പെണ്‍കുട്ടിയെ ഒഴിവാക്കാനായി ഇയാള്‍ കൊലപ്പെടുത്തുകയായിരുന്നു. 

മെഡ്ചലിലെ സ്‌കൂളിന് സമീപത്ത് വെച്ച് ഉപേക്ഷിക്കപ്പെട്ട നിലയില്‍ സ്യൂട്ട് കേസ് കണ്ടെത്തിയതിനെ തുടര്‍ന്ന് സമീപവാസികള്‍ പോലീസില്‍ വിവരം അറിയിച്ചു. പോലീസെത്തി പരിശോധിച്ചപ്പോഴാണ്  മൃതശരീരം ലഭിച്ചത്. 

ഏപ്രില്‍ ഏഴിന് യുവതിയുടെ മാതാപിതാക്കള്‍ മകളെ കാണാനില്ലെന്ന് കാണിച്ച് പോലീസില്‍ പരാതിപ്പെട്ടിരുന്നു. മകളെ കാണാതായി മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു ഇത്. സുനില്‍ എന്ന യുവാവുമായി മകള്‍ പ്രണയത്തിലായിരുന്നുവെന്നും ഇരുവരും മസ്ക്കറ്റിലേക്ക് ജോലി തേടിപ്പോയ ശേഷം മകളെക്കുറിച്ച് വിവരമൊന്നും ഇല്ല എന്നും കാട്ടിയാണ് കുടുംബം പരാതി നൽകിയത്. യുവതിയെ വിമാനത്താവളത്തില്‍ കൊണ്ടുവിട്ടപ്പോഴാണ് അവസാനമായി കണ്ടെതെന്നും കുടുംബം പരാതിയില്‍ പറഞ്ഞിരുന്നു. 

മാതാപിതാക്കള്‍ വിമാനത്താവളത്തില്‍ നിന്ന് പോയ ശേഷം സുനില്‍ പെണ്‍കുട്ടിയെ ലോഡ്ജിലേക്ക് കൂട്ടികൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ബിഹാര്‍ സ്വദേശിയായ സുനില്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് ഒരു വര്‍ഷം മുമ്പാണ് ഹൈദരാബാദില്‍ കുടുംബത്തോടൊപ്പം സ്ഥിരതാമസം ആരംഭിച്ചത്.

 

Content Highlight: Techie Killed By Boyfriend, body Stuffed In Suitcase