മഞ്ചേശ്വരം: മിയാപദവ് വിദ്യാവര്‍ധക ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക ബി.കെ.രൂപശ്രീയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് ഇതേ സ്‌കൂളിലെ ഒരു അധ്യാപകനെ പോലീസ് കസ്റ്റഡിയിലെടുത്തു. അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യുന്നുവെന്നേയുള്ളൂവെന്നും അധ്യാപകനെതിരേ മറ്റ് തെളിവുകളൊന്നും കിട്ടിയിട്ടില്ലെന്നും മഞ്ചേശ്വരം എസ്.ഐ. ബാലചന്ദ്രന്‍ പറഞ്ഞു.

രൂപശ്രീയെ അവസാനമായി ഫോണില്‍ വിളിച്ചത് ഈ അധ്യാപകനാണെന്നും ഇവര്‍തമ്മില്‍ നേരത്തേ അടുപ്പമുണ്ടായിരുന്നുവെന്നും പോലീസ് അന്വേഷണത്തില്‍ വ്യക്തമായി.

ഈ അധ്യാപകനെ പ്രതിക്കൂട്ടിലാക്കിയാണ് രൂപശ്രീയുടെ ഭര്‍ത്താവിന്റെയും മക്കളുടെയും മൊഴികള്‍. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദി ഈ അധ്യാപകനാണെന്ന് രൂപശ്രീ പറഞ്ഞിട്ടുണ്ടെന്ന് കുടുംബാംഗങ്ങളും പോലീസിനോട് പറഞ്ഞു.

ഭര്‍ത്താവിന്റെ പരാതിയുടെയും കുടുംബാംഗങ്ങളുടെ മൊഴികളുടെയും അടിസ്ഥാനത്തിലാണ് അധ്യാപകനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

അധ്യാപിക മുങ്ങിമരിച്ചതാകാമെന്നാണ് മൃതദേഹപരിശോധനാ റിപ്പോര്‍ട്ട്. മരണം എങ്ങനെ സംഭവിച്ചുവെന്നതിനെക്കുറിച്ചല്ല, മരണകാരണം കണ്ടെത്താനാണ് അന്വേഷണം വേണ്ടതെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു. തലയിലെ മുടിമുഴുവന്‍ കൊഴിഞ്ഞുപോയ നിലയിലായിരുന്നു മൃതദേഹം.

വസ്ത്രങ്ങളും ഉണ്ടായിരുന്നില്ല. കാണാതായി 36 മണിക്കൂറിലധികം കഴിഞ്ഞാണ് ഇവരുടെ മൃതദേഹം കോയിപ്പാടി കടപ്പുറത്ത് കാണുന്നത്. ഇത്രയധികം സമയം കടലിലകപ്പെട്ടാല്‍ ശക്തമായ തിരയില്‍പ്പെട്ട് വസ്ത്രമിളകിപ്പോകാനും മുടി കൊഴിഞ്ഞുപോകാനും സാധ്യതയുണ്ടെന്നാണ് മൃതദേഹപരിശോധനാ റിപ്പോര്‍ട്ടിലെ പ്രാഥമികനിഗമനമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

എന്നാല്‍ ഇങ്ങനെ സംഭവിക്കാന്‍ നേരിയ സാധ്യതയേ ഉള്ളൂവെന്ന് എസ്.ഐ. ബാലചന്ദ്രന്‍ പറഞ്ഞു. ഞായറാഴ്ച സ്‌കൂളിലെ പല അധ്യാപകരെയും രൂപശ്രീയുടെ ബന്ധുക്കളെയും പോലീസ് ചോദ്യംചെയ്തു.

അതേസമയം രൂപശ്രീ ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലെന്നാണ് ബന്ധുക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും മൊഴി. ജനുവരി 16-ന് വൈകുന്നേരത്തോടെയാണ് രൂപശ്രീയെ കാണാതായത്.

കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പരിശോധനയ്ക്കുശേഷം ശനിയാഴ്ച രാത്രി മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

Content Highlights: teacher's mystery death in kasargod; colleague taken custody by police