കൊട്ടിയം (കൊല്ലം): സ്‌കൂള്‍ അധ്യാപികയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് ഇരവിപുരം പോലീസ് കസ്റ്റഡിയിലെടുത്ത പരപ്പനങ്ങാടി സ്വദേശിയായ യുവാവിനെ ചോദ്യം ചെയ്യുന്നത് തുടരുന്നു. അധ്യാപികയുമായി ഇയാള്‍ക്ക് രണ്ടു വര്‍ഷത്തിലേറെയായി അടുപ്പമുണ്ടായിരുന്നതായി പോലീസ് പറയുന്നു.
തേവള്ളി ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപികയായ അയത്തില്‍ ഗോപാലശ്ശേരി ജി.വി. നഗര്‍ ഗുരുലീലയില്‍ സിമിയെ (46) തിങ്കളാഴ്ച രാവിലെയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സിമിയുമായി കസ്റ്റഡിയിലുള്ള യുവാവിന് 2016 മുതല്‍ ബന്ധമുണ്ടായിരുന്നതായാണ് പോലീസിന് ലഭിച്ച വിവരം. കൊല്ലത്തെത്താന്‍ തനിക്ക് അധ്യാപിക ടിക്കറ്റും പണവും നല്‍കിയിട്ടുണ്ടെന്ന് യുവാവ് മൊഴിനല്‍കിയിട്ടുണ്ട്. ഒട്ടേറെത്തവണ കൊല്ലത്തെത്തി. അധ്യാപിക ഇടയ്ക്ക് കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയിരുന്നതായും പോലീസ് പറയുന്നു.
ജൂണ്‍ 25-ന് കൊല്ലത്തെത്താന്‍ യുവാവിനോട് അധ്യാപിക ആവശ്യപ്പെട്ടു. എന്നാല്‍ 30-ന് രാത്രി എട്ടുമണിയോടെയാണ് ഇയാളെത്തിയത്. അധ്യാപിക ഇയാളെ കൂട്ടാനായി റെയില്‍വേ സ്റ്റേഷനിലെത്തിയിരുന്നു.
തിങ്കളാഴ്ച പുലര്‍ച്ചെ നാലരയോടെ വീട്ടില്‍ പോകുന്നുവെന്ന് പറഞ്ഞപ്പോള്‍ അധ്യാപിക തടഞ്ഞു. യുവാവിന്റെ കഴുത്തിന് കുത്തിപ്പിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതായും പറയുന്നു. ഇയാളുടെ നിലവിളി കേട്ട് അയല്‍ക്കാര്‍ എത്തിയപ്പോള്‍ അധ്യാപിക മുറിയില്‍ കയറി വാതിലടച്ചു. വിവരമറിഞ്ഞ് പോലീസെത്തി കതക് തള്ളിത്തുറക്കുകയായിരുന്നു.
അപ്പോഴാണ് അധ്യാപികയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. തുടര്‍ന്ന് പരപ്പനങ്ങാടി സ്വദേശിയായ യുവാവിനെ കസ്റ്റഡിയിലെടുത്തു. കുറെ വര്‍ഷങ്ങളായി ഇവര്‍ ഭര്‍ത്താവുമായി പിണങ്ങിക്കഴിയുകയായിരുന്നു.
Contednt highlights: Crime news, Police,Youth