ചേര്‍ത്തല: സ്വകാര്യ സ്‌കൂളിലെ അധ്യാപികയെയും പത്താംക്ലാസ് വിദ്യാര്‍ഥിയെയും കാണാതായ സംഭവത്തില്‍ അന്വേഷണത്തിനു രണ്ടുപോലീസ് സംഘങ്ങള്‍. ഇരുവരും സംസ്ഥാനം വിട്ടതായാണ് പോലീസിനു ലഭിച്ചിരിക്കുന്ന വിവരം.

തമിഴ്നാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലാണ് പോലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്. ഇവരെ കണ്ടെത്തുന്നതിനായി രണ്ടുസംഘങ്ങളെ നിയോഗിച്ചതായി ചേര്‍ത്തല ഡിവൈ.എസ്.പി എ.ജി.ലാല്‍ പറഞ്ഞു. നിലവില്‍ കന്യാകുമാരി കേന്ദ്രീകരിച്ചു തിരച്ചില്‍ നടത്തിയിരുന്ന മുഹമ്മ എസ്.ഐ. അജയമോഹന്റെ നേതൃത്വത്തിലുള്ള സംഘം മധുര ഉള്‍പ്പെടുന്ന സ്ഥലങ്ങളിലേക്കു തിരിച്ചിട്ടുണ്ട്.

ഇതിനൊപ്പം ചേര്‍ത്തലയിലെ എസ്.ഐ.യുടെ നേതൃത്വത്തിലുള്ള സംഘം ഊട്ടി, കൊടൈക്കനാല്‍ എന്നിവിടങ്ങളിലേക്കും പോയി. ഇരുവരുടെയും മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയതിനാല്‍ ഇവരെ കണ്ടെത്തുക ശ്രമകരമായിരിക്കും. ഏതെങ്കിലും സാഹചര്യത്തില്‍ വീടുമായി ഇരുവരും ബന്ധപ്പെടാനുള്ള സാധ്യതയില്‍ ഇരുവീടുകളിലും പോലീസ് നിരീക്ഷിക്കുന്നുണ്ട്.

അധ്യാപികയുടെ ബന്ധുക്കളില്‍നിന്ന് പോലീസ് വിശദമായ മൊഴിയെടുത്തിരുന്നു. ചേര്‍ത്തല സ്വദേശിയായ 40കാരി ഭര്‍ത്താവുമായി പിരിഞ്ഞു നില്‍ക്കുകയാണ്. ഇരുവരുടെയും ബന്ധത്തിന്റെ വിവരങ്ങളറിയാന്‍ ഫോണ്‍രേഖകളും പോലീസ് പരിശോധിക്കുന്നുണ്ട്.

Content highlights: Crime news, Police